2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

അല്ല പിന്നെ....

_*"അല്ല പിന്നെ"*_

"ഇങ്ങളോടാരാ കേറിയിരിക്കാൻ പറഞ്ഞത്?
ചെറിയ കുട്യോളൊന്നും വരണ്ട..."

നേരത്തെ തന്നെ കേറി,
മറ്റഡോറിന്റെ പിന്നിലെ സീറ്റിൽ ഇരിപ്പുറപ്പിച്ച എന്നെയും അനിയൻ സമീറിനെയും നോക്കി അയാൾ പറഞ്ഞു...😢

"കള്ളപ്പന്നി"😡
ഞാനും മനസ്സിൽ പറഞ്ഞു കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി....
അന്നൊക്കെ (ഇപ്പോഴും) യാത്ര എന്ന് പറഞ്ഞാല് ഒരു ഭ്രാന്തായിരുന്നു...
ആരും എങ്ങോട്ടും കൊണ്ട് പോകാനില്ല..
ദൂരെയൊന്നും കുടുംബക്കാരുമില്ല..
ആകെ പോകുന്നത് മൂന്നിയൂരേക്കാണ്..
പിന്നെ കല്യാണത്തിന് തേടി പോകുമ്പോ ട്രെക്കറിന്റെ/ ജീപ്പിന്റെ പിന്നിൽ തൂങ്ങിയുള്ള പോക്കാണ്..

ആമ്പൂർ കല്യാണം കത്തിനിൽക്കുന്ന കാലം...
കേരളത്തിലെ പ്രത്യേകിച്ചും മലബാറിലെ സ്ത്രീധനം കൊടുക്കാൻ കഴിയാതെ പുരനിറഞ്ഞു നിൽക്കുന്ന മുസ്ലിം പെണ്കുട്ടികള് തമിഴ്‌നാടൻ വധുവായി സംസ്ഥാനം മാറിക്കേറി പോകുന്ന കാലം...

എന്റെ അമ്മായിന്റെ നാത്തൂനെ അതായത് എന്റെ ഭാര്യ സാറയുടെ താത്താന്റെ കല്യാണമാണ്  സംഭവസ്ഥലം...
ഇതും ആമ്പൂരിലേക്കാണ്...
കാലം തൊണ്ണൂറുകളുടെ തുടക്കം...

ഞാനും സമീറും നല്ല സന്തോഷത്തിലാണ്..
കുടുംബക്കാരെ കല്യാണമാണ്..
അതും തമിഴ്നാട്ടിലേക്ക്...
ഞങ്ങളേയും കൊണ്ടൊവും എന്ന പ്രതീക്ഷയിൽ
ഞാനും സമീറും ഇള്ളതിൽ നല്ല ഡ്രെസ്സും ഇട്ട് ഒരുങ്ങിയിരിപ്പാണ്.🕺🏼

അപ്പഴാണ് ആ കുരുപ്പ് കേറി വന്ന് ഇമ്മാതിരി ചെറ്റ വർത്താനം പറഞ്ഞത്....
അടിക്കണ്ടേ ഓനെ...😡

എന്തായാലും ഞങ്ങളെ ഒരു ദയയും ഇല്ലാതെ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടു....😫

പിന്നീട്
സാറയെ കെട്ടി, ഓളെയും കൂട്ടി താത്താനെ കാണാൻ വേണ്ടി പലവട്ടം വാശിപോലെ ആമ്പൂര് പോയി...

ഇറക്കി വിട്ട വാൽമാക്രി അതിന് ശേഷം ആമ്പൂര് കണ്ടിട്ടുമില്ല...

സമീറിനെയും കൂട്ടി ആമ്പൂര് പോണം എന്നത് ഒരു സ്വപ്നമായി തന്നെ അവശേഷിച്ചു..
എങ്കിലും ഈ പ്രാവശ്യം ആമ്പൂര് കല്യാണം വന്നപ്പോ അവനേയും കൂട്ടി ഞാനും മുബീറും കുക്കുവും കൂടി ഒരു പോക്ക് പോയി...
ഒരുമാതിരി പോക്ക്....

കൃഷ്ണഗിരിയിൽ നിന്ന് ചെന്നൈ പോകുന്ന റൂട്ടിലാണ് ആമ്പൂര്...
നടുവിലൂടെ കടന്ന് പോകുന്ന നാഷണൽ ഹൈവേ വേർതിരിക്കുന്ന ഒരു ചെറിയ മുനിസിപ്പാലിറ്റി...
പലർ നദിയുടെ തീരത്താണെന്ന് പറയുമെങ്കിലും അങ്ങിനെ ഒരു നദി അവിടെ കാണാൻ കിട്ടില്ല എന്നതാണ് സത്യം...
വറ്റി വരണ്ട് കല്കെട്ടുകൾ മാത്രമായിരുന്നു...

ഇടുങ്ങിയ റോഡുള്ള,
ചുറ്റും വീടുകൾ നിറഞ്ഞ,
തമിഴ്‌നാടൻ വരണ്ട കാലാവസ്ഥ പൊതിഞ്ഞു നിൽക്കുന്ന,
ചുറ്റും മലകൾ നിറഞ്ഞ,
ദക്ഷിണേന്ത്യയിലെ തുകൽ വ്യവസായത്തിന്/ചെരുപ്പുകൾക്ക് പേരു കേട്ട സ്ഥലം...
ചരിത്രപ്രാധാന്യമുള്ള രണ്ട് യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണ് ആമ്പൂര്...

അതിനെക്കാളേറെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആറു ബിരിയാണികളിൽ ഒന്നായ ആമ്പുർ ബിരിയാണിയുടെ നാട്....😋
സ്റ്റാർ ഹോട്ടല് ആ രുചി ഇന്ത്യയിൽ മുഴുവൻ വിൽപ്പനക്ക് വെച്ചിരിക്കുന്നു...

പകൽ സാധാരണ തന്നെ 37° വരെയെത്തുന്ന തമിഴ് നാടൻ ഉൾനാടൻ ചൂട് രാത്രി പതിയെ താഴ്ന്ന് തുടങ്ങും...
രാത്രി തെരുവുകൾ ഉണർന്ന് തുടങ്ങും...
പലതരം ഭക്ഷണവും മിക്സഡ് ജ്യൂസുകളും കൊണ്ട് അങ്ങാടി നിറയും....
എല്ലായിടത്തെയും പോലെ അവിടത്തെ രാത്രിയും മനോഹരമാണ്...
ഇടുങ്ങിയ അങ്ങാടികളിലൂടെ ചിരിച്ചു നടന്ന്....

പണ്ട് ടിപ്പു സുൽത്താന്റെ ഭരണകാലത്ത് തുകൽ സംബന്ധമായ സാധനങ്ങൾ ഉണ്ടാക്കാൻ വേണ്ടി അഫ്‌ഗാനിൽ നിന്നും കൊണ്ട് വന്ന ആളുകളുടെ പിന്മുറക്കാരാണ് താമസക്കാർ അധികവും...

സ്ത്രീകളും ആണുങ്ങളും എല്ലാം കമ്പനിപ്പണി എന്ന പേരിൽ അറിയപ്പെടുന്ന ചെരുപ്പ്, പേഴ്‌സ്,ബെൽറ്റ് നിര്മാണമേഖലയുമായി പ്രവർത്തിക്കുന്നു...

ജനങ്ങളിൽ അധികവും മുസ്ലിങ്ങളാണ്..
മറ്റ് സമുദായക്കാർ തുലോം കുറവാണ്..

വിവാഹം ഒരു രസകരവും അതോടൊപ്പം കൗതുകമുണർത്തുന്നതുമായ രീതിയിലാണ്...

ഒരു കല്യാണാലോചന നടന്ന് കഴിഞ്ഞാൽ ചെക്കന്റെ വീട്ടിൽ നിന്ന് പെണ്ണിന്റെ വീട്ടിലേക്ക് പെങ്ങളും ഉമ്മയും തുടങ്ങി കുടുംബത്തിലെ സ്ത്രീകൾ വരും...

അവർക്ക് ഇഷ്ടപ്പെട്ടാൽ പെണ്ണിന്റെ വീട്ടിൽ നിന്ന് ആണിന്റെ വീട്ടിലേക്ക് പെണ്ണിന്റെ ഫോട്ടോയുമായി ആണുങ്ങളുടെ ഒരു പട വരും....
അതാണ് ഔദ്യോഗികമായ പെണ്ണ് കാണൽ...

അതായത്...
പെണ്ണിന്റെ ഫോട്ടോ മാത്രമേ ചെക്കൻ കാണൂ...
(ഫോട്ടോഷോപ്പ്കാരൻ എത്ര നന്നാക്കുന്നുവോ അത്രയും നല്ലത്)

പിന്നെ നിക്കാഹ്...

"ഈ നിക്കാഹ് കബൂലാണോ"
എന്ന മൗലവിയുടെ ചോദ്യത്തിന്
"കബൂൽ" എന്ന പെണ്ണിന്റെ ഉപ്പയുടെ മറുപടിയോടെ പരിപാടി തീർന്നു...
(എഴുത്ത് കുത്ത് വേറെ)
വളരെ ചെറിയ, പെട്ടന്ന് തീരുന്ന ഒരു പ്രക്രിയ...

അന്ന് വൈകുന്നേരം ചെക്കന്റെ വീട്ടിലേക്ക്...
പിറ്റേന്ന് അവിടെ നിന്ന് എല്ലാരും കൂടി ഉന്തിത്തള്ളി പെണ്ണിന്റെ വീട്ടിലേക്ക്...
എന്നിട്ട് പെണ്ണുങ്ങൾ അകത്ത് വട്ടമിട്ട് ഇരുന്ന് അരി പരത്തി, അതിൽ വിരല് കൊണ്ട് എന്തൊക്കെയോ വരക്കും...
അതോടൊപ്പം
പൊതിച്ച തേങ്ങ ഉരുട്ടികൊണ്ടിരിക്കും...

ഒരു ഉത്തരേന്ത്യൻ ഹിന്ദു കല്യാണത്തിന്റെ രീതികൾ പോലെ....
എന്നിട്ട് ഭക്ഷണം കഴിച്ചു തിരിച്ചു പോകും...

പിറ്റേന്ന് വൈകുന്നേരം പെണ്ണിന്റെ വീട്ടിലെ ആൾക്കാർ പെണ്ണിനേയും ചെക്കനെയും ഉന്തിത്തള്ളി ചെക്കന്റെ വീട്ടിലേക്ക്...
തലേന്ന് പെണ്ണിന്റെ വീട്ടിലെ പോലെ തന്നെ ഇവിടെയും.....

ആദ്യകാലത്ത് കല്യാണത്തിന് പോയപ്പോ നിക്കാഹ് കഴിഞ്ഞു പെണ്ണിനെ വീട്ടിലേക്ക് കൊണ്ട് പോകുമ്പോൾ കുറഞ്ഞ ദൂരത്തേക്ക് പെണ്ണിനെ ചെക്കൻ എടുക്കണം എന്ന ഒരാചാരം കൂടിയുണ്ടായിരുന്നു....
രണ്ട് മൂന്ന് പ്രാവശ്യമായി അത് കാണാറില്ല....

എന്തായാലും ഒരു കിടിലൻ പണ്ടാരി കൂടിയായ സമീറിന് ബിരിയാണിയും കറിയും ബഹുത്ത് പസന്ത് ഹേ...
അത് ഇണ്ടാക്കണത് പഠിക്കാനാണ് ഓൻ വന്നതെങ്കിലും ഞങ്ങളെത്തുമ്പോഴേക്കും ബിരിയാണി ദം ഇട്ട് കഴിഞ്ഞിരുന്നു....

തിരിച്ചു പോരുമ്പോൾ ആമ്പൂരിൽ നിന്ന് നാല്പത് കിലോമീറ്റർ അകലെ കിടക്കുന്ന yelegiri എന്ന സ്ഥലം കൂടി കാണാൻ പോയി...

ഒരു വലിയ പാറ, ചെമ്പ് കമിഴ്ത്തിവെച്ച പോലെ കിടക്കുന്നു...
അതിനെ ചുറ്റി 16 മുടിപ്പിൻ വളവുകൾ...
അരയൊപ്പം വളർന്ന മരങ്ങൾക്ക് ഇടയിലൂടെ അതങ്ങനെ മേലോട്ട് ചുറ്റിപ്പോകുന്നു....

താഴെയുള്ള വരണ്ട കാറ്റോ ചൂടോ ഏശാത്ത വെറും നാലോ അഞ്ചോ കിലോമീറ്റർ വിസ്തൃതിയുള്ള ഒരു പ്രദേശം...
നടുവിൽ ഒരു തടാകം...
തടാകത്തിന്റെ അരികിൽ കുട്ടികൾക്ക് പാർക്ക്...
മരങ്ങൾ വൃത്തിയായി പരിപാലിച്ചിരിക്കുന്നു...
ഒരു ദിവസം കുടുംബസമേതം ചിലവഴിക്കാൻ പറ്റിയ സ്ഥലം....

വീണ്ടും ആമ്പൂരിലെ അടുത്ത കല്യാണത്തിന് കാതോർത്ത് കൊണ്ട് നേരെ നാട്ടിലേക്ക്....
വാശിയോടെ....

*നിയാസ്.പി.മുരളി* ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ