2019, മാർച്ച് 26, ചൊവ്വാഴ്ച

വെയിൽ ചിത്രങ്ങൾ...

*"വെയിൽ ചിത്രങ്ങൾ* "

"പ്ടെ"
എന്തോ പൊളിഞ്ഞു വീഴുന്ന ശബ്ദം..
തെക്കേ പറമ്പിൽ ആടിന് വെള്ളം കൊടുത്തുകൊണ്ടിരുന്ന ഉമ്മ എണീറ്റ് ഓടി...

മുള്ള് വേലിയുടെ അടുത്തുള്ള പേരമരത്തിൽ വവ്വാലിനെ പോലെ പറ്റിപിടിച്ച ഞാനും ചാടിയിറങ്ങി...

രണ്ട് ദിവസമായി നിർത്താതെ മഴ പെയ്യുക തന്നെയായിരുന്നു...
ഓടും പട്ടികയും എന്നേ പൊളിഞ്ഞു വീണ അടുക്കളയുടെ ചുമര് മഴയിൽ നന്നായി കുതിർന്നിരുന്നു...
അത് ഒന്നാകെ പൊളിഞ്ഞു വീണതാണ്...

ഉമ്മ താടിക്ക് കൈയും കൊടുത്ത് കുമ്പിട്ടിരിക്കുന്നു..
ഇനി ആകെ പൊളിയാൻ ബാക്കിയുള്ളത് രണ്ട് മുറിയും കോലായും ചാരുമുറിയും മാത്രം...
അതിലൂടെ തന്നെ സൂര്യനും ചന്ദ്രനും
രാതിയും പകലും ഒളിഞ്ഞു നോക്കാനായി ഓട് പൊട്ടിയ വലിയ തുളകൾ...

അപ്പോഴേക്കും ശബ്ദം കേട്ട് അയൽവാസികൾ എത്താൻ തുടങ്ങി...
അന്നങ്ങനെയായിരന്നല്ലോ?

ഭൂമിതർക്കത്തിന്റെ കേസ് കോടതിയിലായത് കൊണ്ട് വീടിന്റെ മേൽ ഒരു നിർമാണവും പാടില്ലെന്ന് കോടതി പറഞ്ഞ നാളുകൾ...

പഴയ നൂൽചാക്ക് കൊണ്ട് ഒരു വാതിലിന്റെ രൂപം ഉമ്മ ഉണ്ടാക്കി...
അതിനിടയിലൂടെ വീട്ടിൽ വളർത്തിയ ആടും പശുവും കോഴിയും പട്ടിയും പൂച്ചയും സ്വയ്ര്യ  വിഹാരം നടത്തി...

ഒരു അരിവാളിന്റെ സുരക്ഷിതത്വത്തിൽ കിടന്നുറങ്ങിയ നാളുകൾ..
ചെറിയ ഒച്ച കേട്ടാൽ മതി; ഉമ്മ എണീക്കും..
കൂടെ ഞാനും..
ശരീരമുറങ്ങി; മനസ്സുറങ്ങാതെ കിടന്ന നാളുകൾ...
അതു കൊണ്ടാവാം ഇപ്പോഴും ഒരു ചെറിയ ഒച്ച പോലും എന്റെ ഉറക്കം കെടുത്തുന്നത്...

ഒരു ചെറിയ വീടായിരുന്നു അത്..
ഓട് മേഞ്ഞ,
സിമന്റ് അടർന്ന് വീണ,
പട്ടികയും കഴുക്കോലും ചിതലരിച്ച് പൊട്ടിപ്പോയ ഒരു ചെറിയ വീട്..
പൊട്ടിയ ഓടുകൾക്കിടയിൽ തിരുകിയ എക്‌സ്‌റേ ഫിലിമുകൾ താഴെ വരയ്ക്കുന്ന വെയിൽ ചിത്രങ്ങളാണ് ഞാൻ ആദ്യം കണ്ട സിനിമ..

പൊട്ടിയ ഓടുകൾക്കിടയിലൂടെ താഴെ വെച്ച പാത്രത്തിൽ മഴവെള്ളം വീഴുന്നതിന് ഒരു ശബ്ദമുണ്ടായിരുന്നു..
ഒരു താളവും..
അതായിരിക്കണം ഞാൻ കേട്ട താരാട്ട് പാട്ട്...
മഴ നനയാതെ ഏതെങ്കിലും മൂലയിൽ കൂനിയിരുന്ന് ഉറങ്ങിയ നാളുകൾ...

കേസ് കോടതിയിൽ നീളും തോറും വീടിന്റെ വലുപ്പവും കുറഞ്ഞു വന്നു...
അടുക്കള പൊളിഞ്ഞു..
ഇടനാഴി പൊളിഞ്ഞു...
ചാരുമുറി പൊളിഞ്ഞു...

ആർക്കും എപ്പോഴും കേറിവരാവുന്ന,
വീടെന്ന സുരക്ഷിതത്വം നഷ്ടപ്പെട്ട നാളുകൾ...

ഒടുവിൽ കോടതി വിധി വന്നു..
വീടിരിക്കുന്ന ഭാഗം ഞങ്ങൾക്ക്....
ആയിടക്കാണ് പഞ്ചായത്തു വഴി ഗവർമെന്റ് രണ്ട് ലക്ഷം കൊടുക്കുന്നുണ്ടെന്നു കേട്ടത്...

ഉമ്മ പഞ്ചായത്തിലേക്ക് ഓടി..
പിന്നാലെ ബോബനും മോളിയിലെ പട്ടിയെ പോലെ ഞാനും..

അപേക്ഷ പാസായി..
പിന്നെ ഓട്ടം തന്നെയായിരുന്നു....
തിന്നാൻ പോലും വകയില്ലാത്ത ഞങ്ങൾ ഒരു വീടിന് വേണ്ട പണമുണ്ടാക്കാൻ...
പണി തീരുന്ന മുറയ്‌ക്കെ ഗവർമെന്റ് പണം തരൂ...

പലരോടും ചോദിച്ചു..
പലരും തന്നു..
സിമന്റ് ആയും മണലായും കമ്പിയായും...
പുച്ഛമായും...

പലരോടും കടപ്പാടുണ്ട്..
പണം നോക്കാതെ കോണ്ക്രീറ്റ് ചെയ്ത് തന്ന ബാവുട്ടിയേട്ടൻ...
വയറിങ് ചെയ്ത വിനീഷ്, ബാബു...
സിമന്റും കമ്പിയും കടം തന്ന കോനാരി സ്റ്റീൽസ്...
പണം കടം തന്ന സുഹൃത്ത് സുജിതയുടെ അച്ഛൻ...
രാവും പകലും എന്റെ കൂടെ നിന്ന അനിയൻ സമീർ, മുനീർ...
പിന്നെയും എണ്ണിയാലറിയാത്ത ആളുകൾ ....

എനിക്കൊപ്പം
ഞങ്ങൾക്കൊപ്പം വീടും വളർന്നു..
പണ്ട് ചിലവ് കുറക്കാൻ ഓടിട്ടു വാർത്തത് പിന്നെ ലീക്ക് വന്നു.....
മഴ പെയ്താൽ ചുമരുകൾക്കിടയിലൂടെ വെള്ളം പുതഞ്ഞു വരാൻ തുടങ്ങി..

ഒരു ഭാഗത്ത് തീരുമ്പോൾ അടുത്ത ഭാഗത്ത്...
അങ്ങനെ ഏച്ചു കെട്ടലുകൾ ഒരുപാട് നടന്നു..
സർവെയർ ആയപ്പോ
ഓഫീസ് വീട്ടിലാക്കി...
വീടെന്ന പഴയ സ്വപ്നത്തിൽ നിന്ന് ഒരാവശ്യം എന്ന നിലയിലേക്ക് വളർന്നു...

പത്ത് വർഷങ്ങൾ...
ഒരുപാട് സ്വപ്നങ്ങൾ....
ഇപ്പോൾ വീട് അതിന്റെ പൂര്ണതയിലാണ്...
പണ്ടുണ്ടായിരുന്നതിനെക്കാൾ ഒരുപാട് മാറ്റങ്ങളോടെ...

എങ്കിലും
ആ പഴയ വീട്ടിൽ
ഉമ്മയെ കെട്ടിപ്പിടിച് കിടന്ന്...
കഥകൾ കേട്ട് ...
അതിന്റെ അത്ര സുഖമോ മനസ്സമാധാനമോ ഞാനിപ്പോൾ അനുഭവിക്കുന്നില്ലെന്നതാണ് സത്യം...

അന്ന് അസാമാന്യ ധൈര്യത്തോടെ ജീവിതത്തിന്റെ തിരിച്ചടികളെ നേരിട്ട ഒരു പെണ്ണ് എന്റെ കൂടെയുണ്ടായിരുന്നു..
എന്നും എപ്പോഴും എന്റെ
റോൾ മോഡലായ എന്റെ
ഉമ്മ....

ഓർമ്മകളായ
ഓടുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയിലിനെ പിടിക്കാൻ ശ്രമിച്ചു കൊണ്ട്.....

*നിയാസ്.പി.മുരളി* ..