2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

സിൽക്സ്മിതയുടെ ഡാൻസ്.

*"സിൽക്ക് സ്മിതയുടെ ഡാൻസ്* "

"ട്ടെ ട്ടെ..."

വെള്ളത്തിൽ ചീയാനിട്ട തൊണ്ട് കല്ലിന്റെ മേലിട്ട് നല്ല ഉരുണ്ട വടി കൊണ്ട് അടിച് ചകിരി നാര് പുറത്തെടുക്കുന്ന പോലെ ഉമ്മ; എന്റെ ചന്തിക്കിട്ട് പെരുമാറുകയാണ്...

മൂട് കീറി,
ചരട് കൊണ്ട് കെട്ടിയ ട്രൗസർ എപ്പോഴോ കെട്ട് പൊട്ടി താഴെ വീണിരുന്നു..

കയ്യ് രണ്ടും ജനലഴിയോട് ചേർത്ത് കെട്ടിയത് കൊണ്ട്
ചന്തി മാത്രം സിൽക്ക് സ്മിതയുടെ ഡാൻസ് പോലെ അങ്ങോട്ടും ഇങ്ങോട്ടും നീക്കിക്കൊണ്ടിരുന്നു...

പുളിവടി,
മടൽ..
കൊലച്ചിൽ...
എന്ന് വേണ്ട സകലതും എന്റെ ചന്തിയിൽ കരാള നൃത്തം നടത്തി...
വെളുത്ത് നീണ്ട തുടയും ചന്തിയും മത്തി മുളകിട്ട പോലെ...

"എടീ പണ്ടാറക്കാലത്തി..
ജ്ജ് ആ ചെക്കനെ അടിച്ച് കൊല്ലല്ല..."

ചരുമുറിക്ക് പുറത്ത് നിന്ന് പീച്ചിമ്മ താത്തയും കദീജാത്തയും തലക്ക് കയ്യ് കൊടുത്ത് നിലവിളിച്ച് കൊണ്ടിരുന്നു...

ഉള്ളിൽ നിന്ന് കുറ്റിയിട്ട മുറി യുദ്ധക്കളം പോലെ...

ഒരു മൂലക്ക് തളർന്ന പോരാളിയെ പോലെ ഉമ്മ..

ഇനിയും നൂറടി തടുക്കാനുള്ള ശേഷിയുമായി ഞാനും എന്റെ ചന്തിയും...

റൂമിന് പുറത്ത് എന്റെ കാറൽ കേട്ട് ഓടിയെത്തിയ രണ്ട് കിലോമീറ്റർ അകലെ നിന്ന് പോലുമുള്ള അയൽവാസികൾ....

കുരുത്തക്കേട് എന്റെ പര്യായമായി എഴുതി വെച്ച LP സ്കൂൾ കാലം...

ഒരു മധ്യവേനലവധിക്കാലം...

അന്ന് ഞങ്ങൾ റേഷൻ വാങ്ങുന്ന കട പുത്തരിക്കലാണ്...
കോടതിയുടെ മുന്നിൽ...

ഹൈസ്കൂള് കടന്ന്..
റെയിൽവേ പാളം മുറിച്ചു കടന്ന്..
പാളത്തിന് സമാന്തരമായ വഴിയിലൂടെ
ചാമ്പ്രയിലൂടെ നടന്ന് വേണം റേഷൻ ഷാപ്പിലെത്താൻ..

കുറച്ചു കൂടി മുന്നോട്ട് പോയി വളഞ്ഞു പോയാൽ ആലിക്കേയിന്റെ വിശാലമായ പറമ്പിലൂടെ ജയകേരള തിയേറ്ററിന്റെ അടുത്തൂടെ പോവാം...
അതിലൂടെ പോയാൽ രണ്ടുണ്ട് കാര്യം...
പറമ്പ് നിറയെ പല രൂപത്തിലും ഭാവത്തിലുമുള്ള മാങ്ങകളാണ്...
അത് നിലത്ത്‌ വീണ് കിടക്കുന്നുണ്ടാവും...
അതും പെറുക്കി,
അതും കടിച്ച്
തിയേറ്ററിന്റെ മുന്നിലെ പോസ്റ്ററിൽ അന്തംവിട്ട് നോക്കി നിൽക്കാം...

ദാരിദ്ര്യം അതിന്റെ ഉച്ചസ്ഥായിൽ നിൽക്കുന്ന കാലം..
രണ്ട് ദിവസമായി വീട്ടിൽ കഞ്ഞി വെള്ളം മാത്രം റേഷൻ പോലെ കിട്ടിയ കാലം....
അന്ന് കൂടി കഴിഞ്ഞാൽ പിന്നെ കഞ്ഞി വെള്ളം പോലും കുടിക്കാനില്ല...

ഉമ്മ,
ആരോടോ കടം വാങ്ങിയ പൈസയും തന്ന് എന്നെ റേഷൻ ഷാപ്പിലേക്ക് വിട്ടു...

പോണ വഴിക്കുള്ള മാവിന് കല്ലെറിഞ്ഞ്...

ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന വലിയ കുട്ടികളെ നോക്കി നിന്ന്...

റയിൽവേയോട് ചേർന്നുള്ള നീളൻ വഴിയിൽ കുട്ടികൾ കോട്ടി കളിക്കുന്നു...
ഞാൻ കീശ തപ്പി നോക്കി..
രണ്ട് കോട്ടി (ഗോലി)യുണ്ട്...
റേഷൻ പീടിക പൂട്ടാൻ ഇനിയും സമയമുണ്ട്...

സഞ്ചിയും കാർഡും പൈസയും ഞാൻ
കുഴിത്തമ്പ് കളിക്കാനിരുന്നു...

കളിപ്പിരിമുറുക്കം കൂടി...
കോട്ടി കിട്ടിയും  പോയും കൊണ്ടിരുന്നു...

സമയം ഇരുട്ടാനായി...
ഇനിയും നിന്നാൽ റേഷൻ കട പൂട്ടും..

അവശേഷിച്ച ഒരു കോട്ടിയും കീശയിലിട്ട്,
സഞ്ചിയും കാർഡുമെടുത്ത് ഞാൻ ഓടി...

ഒരു ദീർഘ ശ്വാസമെടുത്ത് മുഹമ്മദ്ക്കാന്റെ കയ്യിലേക്ക് കാർഡ് കൊടുത്തു...
രജിസ്റ്ററിൽ അടയാളപ്പെടുത്തി എന്റെ നേർക്ക് കൈനീട്ടി...

"പൈസ"?

"കാഡിന്റെ ഉള്ളിലിണ്ട്"
ഞാൻ പറഞ്ഞു...

"ഈന്റെ ഉള്ളില് ഒന്നൂല്യ"
ജ്ജ് പൈസ കുണ്ടാ"

ഞാൻ ഞെട്ടി....
പോയ വഴിയൊക്കെ ഞാൻ മനസ്സ് കൊണ്ട് ഒന്നു കൂടി കയറിയിറങ്ങി...
ഓരോർമ്മയും കിട്ടുന്നില്ല...

വടക്കീലെ പുളിയുടെ കൊമ്പൊടിയുന്ന ശബ്ദം ചെറുതായി ഞാനൊന്ന് കേട്ടു...

ഇനിയെന്ത് ചെയ്യും..?
അരിയില്ലാതെ വീട്ടിൽ പോകാൻ പറ്റൂല..
ഞാൻ കരഞ്ഞു മൊഹമ്മദ്ക്കാൻറെ കാല് പിടിച്ചു...

"ആ സാരല്യ..
ഒരു കാര്യം ചെയ്യാ..
ജ്ജ് അരി കൊണ്ടോയിക്കോ...
റേഷൻ കാർഡ് ഇബടിരുന്നോട്ടെ...
അടുത്ത പ്രാവശ്യം പൈസ തന്നിട്ട് കൊണ്ടോയിക്കോ"

ഞാൻ അപ്പൊ സമാധാനപ്പെട്ടെങ്കിലും
പിന്നെ ഞെട്ടി...
അന്ന് ആധാരത്തിനെക്കാളും വില പിടിപ്പുള്ള സാധനമാണ് റേഷൻ കാർഡ്...
ഭംഗിയായി പൊതിഞ്ഞ്
ഒരു കവറിലിട്ടാണ് ഉമ്മ തന്നെ അത് സൂക്ഷിക്കാറ്‌...
അരി വീട്ടിലെത്തിയാൽ മുറത്തിലേക്ക് ചെരിഞ്ഞ് അടിയിൽ നിന്ന് റേഷൻ കാർഡ് എടുത്ത് ഭദ്രമായി വെക്കും....

കാലങ്ങളായുള്ള കീഴ്വഴക്കം...

ആ ആചാരം ഇന്ന് ലംഘിക്കപ്പെടും...

പെട്ടാൽ....?

ആ ചോദ്യചിഹ്നം തന്നെ എന്നെ മൊത്തത്തിൽ ഒന്ന് ഉളുമ്പിപ്പിച്ചു...

വീട്ടിലെത്തി...

"എവുഡൈനി കുരുത്തം കെട്ടൊനെ"

എന്ന സ്വാഗതഗാനം പാടി
അരി വാങ്ങി ഉമ്മ അകത്തേക്ക് പോയി...
ഞാൻ ചന്തി ഉഴിഞ്ഞു പുറത്തും...

"ടാ കാർടെവുടെ?"

ഞാൻ ഉമ്മാന്റെ മുഖത്ത് നോക്കി..

"റേഷൻ പീടീല്"

വിവരണം മുഴുവനാവുന്ന മുന്നേ എന്റെ കയ്യും പിടിച്ച് ഉമ്മ ചെറുമുറിയിൽ കയറിയിരുന്നു...
പിന്നെ കേറി വന്നത് നല്ല പുളിവാറുമായിട്ടാണ് ....

ഉമ്മ ചരുമുറിയുടെ വാതിൽ തുറന്നു...
ഞാൻ എന്റെ കോളാമ്പി ഓണാക്കി...
അത് എന്റെ കരച്ചിലിന്റെ ശബ്ദം നാല് പാടും ചിതറിച്ചു....
പീചിമ്മതാത്ത ഓടി വന്നു...
ചുവന്ന വരകൾ വീണ എന്റെ തുടകൾ തലോടി...

"പഹച്ചി.. ഈ ചെക്കനെ അടിച്ചു കൊന്ന്ക്ക്ണ്..."
അനക്ക് എന്തിന്റെ പ്രാന്താ പെമ്പറണന്നൊളെ..."

എന്നും പറഞ്ഞ് എന്നെ പുറത്തേക്ക് കൊണ്ടുപോയി...

പിറ്റേന്ന് രാത്രി
ഭൂപടം പോലെ അങ്ങിങ്ങ് കീറിയ തഴപ്പായിൽ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴാണ് കണ്ണീരിനൊപ്പം ഉമ്മ ആ പൈസ ഒപ്പിക്കാൻ പെട്ട പാട് പറയുന്നത്...
ഒരുപാട് ആളുകളോട് ചോദിച്ചിട്ടാണ് ആ പത്ത് രൂപ വാങ്ങിയത്.....
ഇനിയുണ്ടാവില്ലെന്നു പറഞ്ഞ്
ഞാനും കൂടെ കരഞ്ഞു..

NB: അന്ന് എന്റെ നിലവിളി കേട്ട് മുറ്റത്തേക്ക് അടുത്ത് നിന്നുള്ള എല്ലാ വീട്ടിലെയും ആളുകൾ ഓടിവന്നു...
ഉമ്മയെ ചോദ്യം ചെയ്തു...
ചീത്ത പറഞ്ഞു..
ശപിച്ചു...

ഇന്ന്
അപ്പുറത്തെ വീട്ടിൽ ഒരു ശബ്ദം പൊന്തിയാൽ വാതിലടച്ച് മുറിക്കുള്ളിൽ ഒതുങ്ങിക്കൂടി ജനവാതിലിനുള്ളിലൂടെ ഒളിഞ്ഞു നോക്കി കാണുന്നു...
പിറ്റേന്ന്
അടച്ചു കെട്ടിയ മതിലിന്റെ ഇപ്പുറത്ത് നിന്ന്
"എന്തായിരുന്നു ഇന്നലെ വീട്ടിൽ ഒരു ബഹളം കേട്ടത്"
എന്ന് ആകാംക്ഷയുടെ സ്വരമുയർത്തുന്നു...

മതിലുകളില്ലാത്ത
മതമില്ലാത്ത
ജാതിയില്ലാത്ത
രാഷ്ട്രീയം നോക്കാതിരുന്ന
ആ നല്ല നാളുകളുടെ ഓർമകളിൽ നിന്ന്...

*നിയാസ്.പി.മുരളി*

പാർക്ക്...

"ഉപ്പച്ചീ പാർക്ക്..."

വയനാട്,
കൽപറ്റ ബൈപാസ്സിലേക്ക് കയറി കുറച്ചു ചെന്നപ്പഴാണ് അന്ന റോഡിന്റെ ഇടത് ഭാഗത്തേക്ക് ചൂണ്ടി ആവേശം കൊണ്ട് ആർത്തത്...

ഉച്ചബിരിയാണിയുടെ മയക്കത്തിലായിരുന്ന ആമിയും ഇല്ലുവും സാറയും ഞെട്ടിയുണർന്നു...

ഞാൻ വണ്ടി റോഡിന്റെ അടുത്തായി നിർത്തി താഴോട്ട് നോക്കി...

മുളകൾ അതിരിട്ട റോഡിന്റെ താഴെ ഒരു പാർക്ക്..
ആ മുളകൾക്കിടയിലൂടെ അന്ന അതെങ്ങിനെ കണ്ടുവോ ആവോ?

വെള്ളച്ചാട്ടത്തിൽ പോയിട്ടും
കാട് കണ്ടിട്ടും അന്നക്കുട്ടിക്ക് തൃപ്തിയായിട്ടില്ല..

പലവട്ടം അതുവഴി പോകുമ്പോഴും റോഡ് സൈഡിൽ ബോർഡ് കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അവിടെ ഇറങ്ങിയിട്ടില്ല..
എന്തായാലും ഇപ്രാവശ്യം ഇറങ്ങിയിട്ട് തന്നെ കാര്യം..

ഞാൻ വണ്ടി അരിക് ചേർത്ത് നിർത്തി...
കൂടെ വന്ന കുഞ്ഞുട്ടി ഞങ്ങൾ നിർത്തിയത് കണ്ട് തിരിച്ചു വരുന്നുണ്ട്...

എല്ലാവരെയും കൂട്ടി പാർക്കിന്റെ മുന്നിലേക്ക് നടന്നു..

കോണ്ക്രീറ്റ് കൊണ്ട് മനോഹരമായി ഉണ്ടാക്കിയ കവാടത്തിന്റെ പുറത്ത് കുറച്ചു പ്രായമുള്ള ഒരു ചേട്ടനും ചേച്ചിയും...

ഞാൻ പേഴ്‌സ് എടുത്ത് കയ്യിൽ പിടിച്ച്

"ടിക്കറ്റിന് എത്രയാ" ന്ന് ചോദിച്ചു..

"ഇവിടെ ടിക്കറ്റ്‌ ഒന്നും ഇല്ല മോനെ..
ഇത് പാവപ്പെട്ട രോഗികളെ സഹായിക്കാൻ വേണ്ടി നടത്തുന്ന
ഒരു സ്വകാര്യ പാർക്കാണ്..
കാണാൻ വരുന്നവരോട് ഇത്ര രൂപ എന്ന് കണക്ക് പറഞ്ഞ് വാങ്ങാറില്ല...
അവർ തരുന്നത് വാങ്ങും..
അത് മുഴുവൻ ആതുര സേവനത്തിന് ചിലവാക്കും..."

ചേച്ചി പറഞ്ഞു നിർത്തി..

ഞാൻ ധർമ സങ്കടത്തിലായി..
കൊടുത്തത് കുറഞ്ഞു പോകുമോ എന്ന പേടി...

മൂന്ന് കുടുംബങ്ങളായി കുട്ടികളടക്കം പതിമൂന്ന് പേരുണ്ട് ഞങ്ങൾ..

എന്തായാലും ഒരു സംഖ്യ കൊടുത്ത് അതിനുള്ളിൽ കയറി...

ഇത്ര കാലം ഇതു വഴി പോയിട്ടും ഇതുവരെ അവിടെ കയറാത്തതിൽ ഒരു വിഷമം തോന്നി..

നല്ല മനോഹരമായി പരിപാലിക്കുന്ന ഒരു ചെറിയ പാർക്ക്..
എന്നാലും ഒരു കുടുംബത്തിന് ആസ്വദിക്കാനുള്ളതെല്ലാം ഇത്തിരി സ്ഥലത്ത് ഒരുക്കി വെച്ചിട്ടുണ്ട്...
ചരിവ് ഭൂമിയെ മനോഹരമായി landscape ചെയ്തു വെച്ചിരിക്കുന്നു...
മുളകൾ ഒരു മതിൽ പോലെ അതിരിടുന്നു...
കുട്ടികൾക്ക് ഊഞ്ഞാലും
സീസോയും മറ്റ് കളിയുപകരണങ്ങളും...

ഇത്തിരി നേരം അവിടെയിരുന്നപ്പോഴേക്കും യാത്രാക്ഷീണം മാറി...
ഞങ്ങൾ യാത്ര തുടർന്നു...

ഇനി വല്ലപ്പോഴും ആരെങ്കിലും കൽപറ്റ വഴി ആരെങ്കിലും പോകുന്നുണ്ടെങ്കിൽ മറക്കണ്ട...
ഒന്ന് കയറിക്കൊള്ളു....
ഒരുപകാരവുമില്ലാത്ത എത്ര പാർക്കുകളിലാണ് നമ്മൾ അവരിടുന്ന പൈസയും കൊടുത്ത് കയറുന്നത്...
പലപ്പോഴും അതിനനുസരിച്ച മൂല്യം ഉണ്ടാവാറുമില്ല...
ഈ പ്രയത്നത്തിന് പിന്നിൽ നല്ല ഒരു സ്വപ്നമുണ്ട്...
അതിന് നമ്മളറിയാതെ പങ്കാളിയാവുന്നുണ്ട്...
ഇതിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്...
വളർത്തേണ്ടത്...

N B: പുറത്തിറങ്ങുമ്പോൾ ആ ചേച്ചി എന്നെ കൈകാട്ടി വിളിച്ചു..
ഇവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ മലപ്പുറം എന്ന മറുപടി;
ഒരു മലപ്പുറത്തുകാരൻ എന്ന നിലയിൽ എന്നെ ആകാശത്തോളം അങ്ങുയർത്തി...

"നിങ്ങൾ മലപ്പുറത്തുകാരും കോഴിക്കോട്ട്കാരും ഒക്കെ വരുമ്പോൾ ഞങ്ങൾക്ക് വല്യ കാര്യമാ...
അവർ ഹൃദയം കയ്യിൽ വെച്ചു തരും..
എത്ര തന്നാലും പിന്നെയും അവർക്കൊരു സംശയമാ....",😘

സ്നേഹത്തോടെ..

നിയാസ്.പി.മുരളി..

മെൻസസ്

__*"മെൻസസ്"*__

"എന്താ ഉപ്പച്ചീ ഈ മെൻസസ്"?

യൂണിവേഴ്സിറ്റി കയറ്റം കയറുമ്പോഴാണ് മഴ സീറ്റിന് നടുവിലേക്കിരുന്ന് ആ ചോദ്യം എടുത്തിവിട്ടത്...
മിക്കവാറും കാറിൽ പോകുമ്പോഴായിരിക്കും ഇങ്ങനത്തെ ഓരോ സംശയങ്ങളുടെ കെട്ട് അവൾ പൊട്ടിക്കുന്നത്...

മുൻസീറ്റിലിരുന്ന സാറ ഞാനെന്ത് പറയും എന്ന ഭാവത്തോടെ എന്നെ നോക്കി..

ഞാൻ ദൂരേക്കും...

അങ്ങു ദൂരെ വര്ഷങ്ങൾക്കപ്പുറം
പൊളിഞ്ഞു വീഴാറായ മച്ചും നോക്കി
കട്ടിലിൽ കിടക്കുകയായിരുന്ന പത്ത് വയസ്സുകാരൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലെ ഒരു വാക്കിൽ തട്ടി മനസ്സിലാവാതെ ഇതേ ചോദ്യം അപ്പുറത്ത് കിടക്കുകയായിരുന്ന ഉമ്മയോട് ചോദിക്കുന്നു...

ഉമ്മ എന്റെ നേരെ തിരിഞ്ഞു കിടന്നു..
എന്നിട്ട് ചോദിച്ചു...

"നീയെവിടുന്നാ വന്നത്..?"

ഉമ്മാന്റെ വയറ്റിന്ന്"
ഞാൻ മറുപടി പറഞ്ഞു...

"ആണല്ലോ?
അപ്പൊ വെറുതെ ഒരു കുട്ടിക്ക് വയറ്റിൽ കിടക്കാൻ പറ്റോ?
ഉമ്മച്ചി കിടക്കുമ്പോഴോ നടക്കുമ്പോഴോ ഒക്കെ കുട്ടിക്ക് ഒന്നും പറ്റാതിരിക്കാൻ വയറിന്റെ ഉള്ളിൽ ചെല സൂത്രപ്പണികളിണ്ട്...
കൊറച്ച് വെള്ളം നിറച്ച്, കുട്ടിക്ക് തിന്നാൻ കൊടുക്കാനിള്ള സൗകര്യക്കെ പ്രകൃതി ഇണ്ടാക്കീക്ക്ണ്...
ഓരോ മാസത്തിലും വയറിൽ കുട്ടിയൊന്നും വളർന്നിലാന്ന് ണ്ടെങ്കിൽ ആ വെള്ളോക്കെ മൂത്രമൊഴിക്കണ പോലെ പുറത്ത് പോകും...
അത് എല്ലാ ഇരുപത്തെട്ടു ദിവസം കൂടുമ്പഴും ഇണ്ടാകും..
അതാണ് മെൻസസ്"

"അപ്പൊ എന്താ എല്ലാ മാസവും കുട്ടിണ്ടാവാത്തത്"?

ഞാൻ ഉമ്മാക്ക് നേരെ അടുത്ത കുനിഷ്ട് ചോദ്യമെറിഞ്ഞു...

"ഞമ്മള് ചട്ടീല് ചെടി വളർത്തുമ്പോ വെള്ളമൊഴിച്ചാലും വളട്ടാലും എല്ലാ ചെടിം വലുതാവാറിണ്ടാ?
ഇല്യല്ലോ?
അത്പോലെ തന്നെ ചില കുട്ടികളേ വയറ്റിന്റെ ഉള്ളിലും വളരൂ....
പിന്നെ ആ കുട്ടീനെ പുറത്തെടുക്കും വരെ മെൻസസ് ഉണ്ടാവൂല്ല...?

"അപ്പൊ എല്ലാർക്കും ഇണ്ടാവോ"?
ഞാൻ ഉമ്മാനെ ക്ലീൻ ബൗൾഡ് ആക്കാൻ നോക്കി...

"അനക്ക് മീശണ്ടോ?"

"ഇല്ലാ"

"അത് പോലെ ഓരോ കാലം കഴിയുമ്പോഴും നമ്മളെ ശരീരം ഓരോ മാറ്റങ്ങൾക്ക് കാരണമാകും..
ആണുങ്ങൾക്ക് മീശയും താടിയും വന്ന് വലിയ ആളാകും...
പെണ്കുട്ടികള്ക്ക് കുട്ടിക്ക് പാല് കൊടുക്കാനും ഒരു കുട്ടീനെ വയറ്റില് പോറ്റാനും ഉള്ള കഴിവെത്തുമ്പോഴാണ് മെൻസസ് തുടങ്ങണത്...
അതിന്യാണ് പ്രായപൂർത്തിയായിന്ന് പറയാ...
മനസ്സിലായോ"?

ഉമ്മ പറഞ്ഞു നിർത്തി...

പുതിയ ചോദ്യങ്ങളൊന്നും കയ്യിലില്ലാത്തത് കൊണ്ട് ഞാൻ ബുക്കിലേക്കും വായനയിലേക്കും മടങ്ങി....

ഇപ്പൊ ആ പത്ത് വയസ്സുകാരൻ ഡ്രൈവിംഗ് സീറ്റിലാണ്...
പിറകിൽ കാലം അവന്റെ ചോദ്യങ്ങൾ മകളിലൂടെ ഒരിക്കൽ കൂടി ആവർത്തിക്കുന്നു..
ഉമ്മ പറഞ്ഞ ഉത്തരങ്ങൾ ഞാൻ അതുപോലെ പറഞ്ഞു കൊടുത്തു...

അവൾക്കും പുതിയ സംശയങ്ങൾ ഉണ്ടാവാത്തത് കൊണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിച്ചു...

കുട്ടികൾ
ശ്രദ്ധാലുക്കളാണ്..
അവർ നമ്മെക്കാളേറെ ചുറ്റുപാടുകളെ ശ്രദ്ധിക്കുന്നു..
നൂറു സംശയങ്ങൾ മനസ്സിൽ പടർത്തി വിടുന്നു..
നമ്മളറിയാതെ നമ്മുടെ സംസാരങ്ങൾ അവർ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു..
അവരുടെ ചോദ്യത്തിന്റെ ആദ്യ കേൾവിക്കാർ മാതാപിതാക്കളാവണം...
എന്തും ചോദിക്കാനുള്ള ധൈര്യം അവർക്ക് പകർന്ന് കൊടുക്കണം...

ഇല്ലെങ്കിൽ
ആ ചോദ്യങ്ങൾ അവരിൽ ചോദ്യങ്ങളായി തന്നെ അവശേഷിക്കും...

പലപ്പോഴും
ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്;
ഇത്തരം ഒരു ചോദ്യം വരുമ്പോൾ മാതാപിതാക്കളുടെ സമീപനമാണ്...

"അനക്ക് ചോദിക്കാൻ കണ്ട ഒരു ചോദ്യം..
ഇതൊക്കെ ചോദിക്കാൻ പറ്റിയ പ്രായാ ഇത്..?
അതൊക്കെ അതിന്റെ സമയാവുമ്പോ പഠിച്ചോളും.."

അത് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നത് ഇതിൽ എന്തോ കാര്യമായിട്ടുണ്ട് എന്ന ബോധത്തിലാണ്...
ആ ചോദ്യത്തിനുത്തരം കിട്ടുന്നത് വരെ അവർ സംശയാലുക്കളും കുറുക്കു വഴികളിലൂടെ
ഉത്തരം അന്വേഷിച്ചു കണ്ടെത്താനുള്ള ശ്രമത്തിലുമാവും...
അത് എത്തിപ്പെടുന്നത് മുതലെടുപ്പുകാരുടെ കൈകളിലേക്കും...

ലൈംഗിക/ശാരീരികമായ കാര്യങ്ങളിൽ കുട്ടികൾക്കുണ്ടാവുന്ന സംശയങ്ങൾ ചില നുറുങ്ങ് ഉത്തരങ്ങളായി പറഞ്ഞു കൊടുത്തില്ലെങ്കിൽ
പലപ്പോഴും ഏതാണ് ശരിയായ സ്പർശനം?
ഏതാണ് ശരിയല്ലാത്ത സ്പർശനം എന്ന തിരിച്ചറിവ് കുട്ടികൾക്ക് ഇല്ലാതെ പോവും..
അത് പിന്നീട് മാനസികവും ശാരീരികവുമായ ചൂഷണങ്ങളിലേക്കും
പരാജയങ്ങളിലേക്കും അവരെ നയിക്കും...

നമ്മുടെ മക്കളുടെ ആദ്യ കേൾവിക്കാർ നമ്മളാവുക..
അവർക്ക് ആദ്യ വിശ്വാസവും പ്രതീക്ഷയും നമ്മളാണ്..
അത് തെറ്റാതിരിക്കട്ടെ....

ആ ചോദ്യം മകളിലൂടെ എന്നിലേക്കെത്തിച്ച കാലത്തിനോട്...
അതിന് മറുപടികളില്ലാത്ത വണ്ണം ഉത്തരം പറഞ്ഞു തന്ന ഉമ്മയോട് നന്ദി പറഞ്ഞു കൊണ്ട്....

നിയാസ്.പി.മുരളി

മാഷ്ട്

" *_മാഷ്ട്_* "

"ദാ ഇവിടെ കുയിലൻ വന്നിട്ടുണ്ട്.."

ഷർട്ട് ഇടാതെ,
ഒരു കണ്ണടയും വെച്ച്,
ഒരു കൈലിയുടുത്ത്,
വായിച്ചു കൊണ്ടിരുന്ന പത്രം താഴ്ത്തി,
ഇനിയും വിട്ട് പോവാത്ത തെക്കൻ ഭാഷയിൽ മാഷ് അകത്തേക്ക് നോക്കി പറഞ്ഞു...

കസേരയിലിരുന്ന ഒരു പത്രമെടുത്ത് ഞാൻ അതിലേക്ക് മുഖം താഴ്ത്തി...

"കുയിലാ
ദാ ചോറ് എടുത്ത് വെച്ചിട്ടുണ്ട്"

അകത്ത് നിന്ന് മാലത്യേച്ചിയുടെ ശബ്ദം...

ഞാൻ ഒന്നും പറയാതെ അകത്ത് പോയി ടേബിളിൽ നിരത്തി വെച്ച ചോറും കറികളും ആർത്തിയോടെ തിന്നു..
പിന്നെയും പിന്നെയും ഇട്ടുകൊണ്ട് മാലത്യേച്ചി അടുത്ത് തന്നെ നിന്നു...

സുജി ക്ലാസ്സ് വിട്ട് വന്നിട്ടില്ല...

ഞാൻ ചോറ് തിന്ന് കൈകഴുകി വീണ്ടും പേപ്പറിലേക്ക് മടങ്ങി...

പണ്ട്
പട്ടിണി കാലത്ത്‌ എത്രയോ കാലം എന്റെ ദിനചര്യ അതായിരുന്നു..

രാവിലെ ഒന്നും തിന്നാതെ ബസ്സും കേറി പോളിയിൽ പോയ ഞാൻ തിരിച്ചു വന്ന് പലപ്പോഴും ഭക്ഷണം കഴിച്ചത് അവിടെ നിന്നായിരുന്നു..

ആ  സാമ്പാറിന്റെ..
അച്ചാറിന്റെ..
മീൻ പൊരിച്ചതിന്റെ മണം ഇപ്പോഴും ഒരോർമ്മ പോലെ നാവിലുണ്ട്...
ഞാൻ പോലും പറയാതെ എന്റെ വിശപ്പ് അവർ തിരിച്ചറിഞ്ഞു...

"മാഷ്ടെ"ന്ന് വിളിച്ച് എപ്പോഴും കേറിച്ചെല്ലാവുന്നിടം..

പണ്ട് നമ്പുളം ജംക്ഷനിലുള്ള പുറക്കാട്ടെ വാടകവീട്ടിലായിരുന്നു മാഷും കുടുംബവും..
ഒറ്റ മോൻ സുജി എന്റെ ചങ്ക് ബ്രോയും സ്കൂൾമേറ്റും...

എല്ലായിടത്തും അവന്റെ കൂടെ ഞാനുണ്ടാവും....
കൂട്ടുകാർ കളിയാക്കി "സുജിയുടെ പെങ്ങള്" എന്ന വിളി പോലും ഒരു അഹങ്കാരമായി കൊണ്ട് നടന്ന നാളുകൾ...

ആദ്യമായി എറണാകുളം കണ്ടത്..
പെരിന്തൽമണ്ണ കണ്ടത്...
സൈക്കിൾ ഓടിക്കാൻ പഠിച്ചത്...
ബൈക്ക് ഓടിക്കാൻ പഠിച്ചത്..
എല്ലാം അവന്റെ കൂടെയാണ്...
നിശബ്ദമായി അവന്റെ വീട്ടിലെ ഒരംഗം തന്നെയായിരുന്നു ഞാൻ..

സ്കൂൾ വിട്ട് വരുന്ന സുജിക്ക് കാച്ചി വെച്ച horliks പകുത്ത് എനിക്കും അവനുമായി മാലത്യേച്ചി വിളമ്പി..
നേരം വൈകുവോളം അവന്റെ വീട്ടിലിരിക്കുന്ന ഞാൻ മിക്കവാറും അവന്റെ വീട്ടിൽ കിടന്നുറങ്ങി..

ഉമ്മ എന്ത് പറഞ്ഞാലും തറുതല പറയുന്ന ഞാൻ അവിടെ മാത്രം നിശബ്ദനായി...

എനിക്കും ഉമ്മക്കും ഇടയിലുള്ള കോടതിയായി ആ വീട് മാറി...
പോളിയിൽ ആദ്യവർഷം രാഷ്ട്രീയം കളിച്‌, പോളിയിൽ നിന്ന് പുറത്തായ നാളിൽ ഞാൻ കേട്ട ചീത്ത; ഇനി മേലിൽ നീ ഇവിടെയിരുന്നു പഠിച്ചാൽ മതി എന്ന ഉത്തരവിൽ തീരുമാനമായി...
പരീക്ഷാക്കാലം അവരുടെ വീട്ടിന്റെ മോളിലിരുന്നു പഠിച്ച എനിക്ക് ചായയുണ്ടാക്കി തന്നത്..

ഞാൻ മദ്യപിച്ചു എന്നത് ഉമ്മ പോയി പറഞ്ഞപ്പോൾ കിട്ടിയ അടി....

ഞങ്ങളുടെ ആ പ്രദേശത്ത് കൗമുദി പത്രം വരുത്തുന്ന ചുരുക്കം ചില വീടുകളിൽ ഒന്നായിരുന്നു അത്...
മാതൃഭൂമിയും
കൗമുദിയും ദേശാഭിമാനിയും അടക്കം മൂന്ന് പത്രങ്ങൾ...
ഞാൻ രാവിലെ തന്നെ അവിടെയുണ്ടാവും..
എല്ലാ പത്രങ്ങളും അരിച്ചു പെറുക്കാൻ...

"കുയിലന് തിന്നാൻ കൊടുത്തില്ലെങ്കിലും പേപ്പർ കൊടുത്താൽ മതി"
മാഷ് കളിയാക്കി പറഞ്ഞതാണെങ്കിലും ബാല്യത്തിൽ പലതിൽ നിന്നും ഒളിച്ചോടാൻ തുടങ്ങിയ വായന പിന്നീട് എന്റെ കൂടെ കൂടി..

അന്ന് എന്റെ നാട്ടിൽ എനിക്കറിയാവുന്ന കമ്മ്യൂണിസ്റ്റുകൾ മൂന്നാണ്..
കോയാക്ക, ഹംസാജി പിന്നെ മാഷ്..
വൈകുന്നേരങ്ങളിൽ അവരുടെ സംഭാഷണങ്ങളിൽ ഞാൻ കാത് കൂർപ്പിച്ചു നിന്നു...
അങ്ങനെ ചിന്തകളിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് ചിന്തകൾ പടർന്ന് കയറി....

സുജി DYFI കാരനായി.
സ്വാഭാവികമായും ഞാനും DYFI കാരനായി..
മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും അവന്റെ കൂടെ ഞാനും രാത്രി പകലാക്കി....

എല്ലാ കുരുത്തക്കേടും കയ്യിലുണ്ടായിരുന്നത് കൊണ്ട് മാഷ്‌ക്ക് സുജിയെക്കാളും എന്നെയായിരുന്നു പേടി..

ആയിടക്കാണ് അവിടെ ഡിഷ്‌ ആന്റിന വെക്കുന്നത് വല്ല്യ കുടയുമായി പുരപ്പുറത്തിരിക്കുന്ന ആന്റിന ടിവിയിലേക്ക് ദൂരദർശനപ്പുറമുള്ള ഒരു ലോകം കാണിച്ചു തന്നു...

ലോകകപ്പ് കാലങ്ങളിൽ ഡൈനിങ്ങ് ഹാളിൽ അർധരാത്രി ഇരുന്ന് ലോകം കുലുങ്ങുന്ന പോലെ ആർത്തപ്പോളും അവർ ഒന്നും പറയാതെ കിടന്നുറങ്ങി...

ഓർമകൾ വേദനകൾ തന്നെയാണ്...
എങ്കിലും ഈ ഓർമകൾ ഒരു തിരിഞ്ഞു പോക്ക് കൂടിയാണ്..
എന്നെ ഞാനാക്കിയവരിലേക്ക്...

അവരിൽ രണ്ട് പേരും ഓർമ മാത്രമായി...
ആദ്യം മാലത്യേച്ചി...
ഇപ്പൊ മാഷ്...

നനവുള്ള..
നിറമുള്ള..
സ്നേഹമുള്ള..
കനിവുള്ള..
ഓർമകൾ..

എവിടെയും ഒന്നും അവശേഷിക്കില്ല....
നമ്മെ നമ്മളാക്കുന്ന ഓര്മകളല്ലാതെ...
അതിന്റെ ഭാരമല്ലാതെ...

ഒരു തിരിച്ചു പോക്കുണ്ടായിരുന്നെങ്കിൽ
ആ ചോറും കറിയും തിന്ന്..
അവിടെ കിടന്നുറങ്ങി..
ആ പഴയ ബാല്യത്തിൽ ഒരിക്കൽ കൂടി കുട്ടിയായി തീർന്നെങ്കിൽ...

ഞാൻ എന്ന വ്യക്തി പലരുടെയും കനിവിന്റെ ബാക്കിയാണ്..
അവരിൽ പലരും ഓർമകൾ മാത്രമാവുന്നു...

ഇനിയൊരു ലോകമുണ്ടെങ്കിൽ..
ഇനിയൊരു പിറവിയുണ്ടെങ്കിൽ...
ഇനിയുമൊരു അണുവായി പിറക്കുന്നുണ്ടെങ്കിൽ..
അവർ കൂടിയുള്ള ലോകം മതിയെനിക്ക്...

അത്
സ്വർഗ്ഗമായാലും
നരകമായാലും.....

അല്ലെങ്കിൽ
അവരുള്ളിടത്ത് തന്നെയാണെന്റെ സ്വർഗം....

*നിയാസ്.പി.മുരളി* ...

വെയിൽ ചിത്രങ്ങൾ...

*"വെയിൽ ചിത്രങ്ങൾ* "

"പ്ടെ"
എന്തോ പൊളിഞ്ഞു വീഴുന്ന ശബ്ദം..
തെക്കേ പറമ്പിൽ ആടിന് വെള്ളം കൊടുത്തുകൊണ്ടിരുന്ന ഉമ്മ എണീറ്റ് ഓടി...

മുള്ള് വേലിയുടെ അടുത്തുള്ള പേരമരത്തിൽ വവ്വാലിനെ പോലെ പറ്റിപിടിച്ച ഞാനും ചാടിയിറങ്ങി...

രണ്ട് ദിവസമായി നിർത്താതെ മഴ പെയ്യുക തന്നെയായിരുന്നു...
ഓടും പട്ടികയും എന്നേ പൊളിഞ്ഞു വീണ അടുക്കളയുടെ ചുമര് മഴയിൽ നന്നായി കുതിർന്നിരുന്നു...
അത് ഒന്നാകെ പൊളിഞ്ഞു വീണതാണ്...

ഉമ്മ താടിക്ക് കൈയും കൊടുത്ത് കുമ്പിട്ടിരിക്കുന്നു..
ഇനി ആകെ പൊളിയാൻ ബാക്കിയുള്ളത് രണ്ട് മുറിയും കോലായും ചാരുമുറിയും മാത്രം...
അതിലൂടെ തന്നെ സൂര്യനും ചന്ദ്രനും
രാതിയും പകലും ഒളിഞ്ഞു നോക്കാനായി ഓട് പൊട്ടിയ വലിയ തുളകൾ...

അപ്പോഴേക്കും ശബ്ദം കേട്ട് അയൽവാസികൾ എത്താൻ തുടങ്ങി...
അന്നങ്ങനെയായിരന്നല്ലോ?

ഭൂമിതർക്കത്തിന്റെ കേസ് കോടതിയിലായത് കൊണ്ട് വീടിന്റെ മേൽ ഒരു നിർമാണവും പാടില്ലെന്ന് കോടതി പറഞ്ഞ നാളുകൾ...

പഴയ നൂൽചാക്ക് കൊണ്ട് ഒരു വാതിലിന്റെ രൂപം ഉമ്മ ഉണ്ടാക്കി...
അതിനിടയിലൂടെ വീട്ടിൽ വളർത്തിയ ആടും പശുവും കോഴിയും പട്ടിയും പൂച്ചയും സ്വയ്ര്യ  വിഹാരം നടത്തി...

ഒരു അരിവാളിന്റെ സുരക്ഷിതത്വത്തിൽ കിടന്നുറങ്ങിയ നാളുകൾ..
ചെറിയ ഒച്ച കേട്ടാൽ മതി; ഉമ്മ എണീക്കും..
കൂടെ ഞാനും..
ശരീരമുറങ്ങി; മനസ്സുറങ്ങാതെ കിടന്ന നാളുകൾ...
അതു കൊണ്ടാവാം ഇപ്പോഴും ഒരു ചെറിയ ഒച്ച പോലും എന്റെ ഉറക്കം കെടുത്തുന്നത്...

ഒരു ചെറിയ വീടായിരുന്നു അത്..
ഓട് മേഞ്ഞ,
സിമന്റ് അടർന്ന് വീണ,
പട്ടികയും കഴുക്കോലും ചിതലരിച്ച് പൊട്ടിപ്പോയ ഒരു ചെറിയ വീട്..
പൊട്ടിയ ഓടുകൾക്കിടയിൽ തിരുകിയ എക്‌സ്‌റേ ഫിലിമുകൾ താഴെ വരയ്ക്കുന്ന വെയിൽ ചിത്രങ്ങളാണ് ഞാൻ ആദ്യം കണ്ട സിനിമ..

പൊട്ടിയ ഓടുകൾക്കിടയിലൂടെ താഴെ വെച്ച പാത്രത്തിൽ മഴവെള്ളം വീഴുന്നതിന് ഒരു ശബ്ദമുണ്ടായിരുന്നു..
ഒരു താളവും..
അതായിരിക്കണം ഞാൻ കേട്ട താരാട്ട് പാട്ട്...
മഴ നനയാതെ ഏതെങ്കിലും മൂലയിൽ കൂനിയിരുന്ന് ഉറങ്ങിയ നാളുകൾ...

കേസ് കോടതിയിൽ നീളും തോറും വീടിന്റെ വലുപ്പവും കുറഞ്ഞു വന്നു...
അടുക്കള പൊളിഞ്ഞു..
ഇടനാഴി പൊളിഞ്ഞു...
ചാരുമുറി പൊളിഞ്ഞു...

ആർക്കും എപ്പോഴും കേറിവരാവുന്ന,
വീടെന്ന സുരക്ഷിതത്വം നഷ്ടപ്പെട്ട നാളുകൾ...

ഒടുവിൽ കോടതി വിധി വന്നു..
വീടിരിക്കുന്ന ഭാഗം ഞങ്ങൾക്ക്....
ആയിടക്കാണ് പഞ്ചായത്തു വഴി ഗവർമെന്റ് രണ്ട് ലക്ഷം കൊടുക്കുന്നുണ്ടെന്നു കേട്ടത്...

ഉമ്മ പഞ്ചായത്തിലേക്ക് ഓടി..
പിന്നാലെ ബോബനും മോളിയിലെ പട്ടിയെ പോലെ ഞാനും..

അപേക്ഷ പാസായി..
പിന്നെ ഓട്ടം തന്നെയായിരുന്നു....
തിന്നാൻ പോലും വകയില്ലാത്ത ഞങ്ങൾ ഒരു വീടിന് വേണ്ട പണമുണ്ടാക്കാൻ...
പണി തീരുന്ന മുറയ്‌ക്കെ ഗവർമെന്റ് പണം തരൂ...

പലരോടും ചോദിച്ചു..
പലരും തന്നു..
സിമന്റ് ആയും മണലായും കമ്പിയായും...
പുച്ഛമായും...

പലരോടും കടപ്പാടുണ്ട്..
പണം നോക്കാതെ കോണ്ക്രീറ്റ് ചെയ്ത് തന്ന ബാവുട്ടിയേട്ടൻ...
വയറിങ് ചെയ്ത വിനീഷ്, ബാബു...
സിമന്റും കമ്പിയും കടം തന്ന കോനാരി സ്റ്റീൽസ്...
പണം കടം തന്ന സുഹൃത്ത് സുജിതയുടെ അച്ഛൻ...
രാവും പകലും എന്റെ കൂടെ നിന്ന അനിയൻ സമീർ, മുനീർ...
പിന്നെയും എണ്ണിയാലറിയാത്ത ആളുകൾ ....

എനിക്കൊപ്പം
ഞങ്ങൾക്കൊപ്പം വീടും വളർന്നു..
പണ്ട് ചിലവ് കുറക്കാൻ ഓടിട്ടു വാർത്തത് പിന്നെ ലീക്ക് വന്നു.....
മഴ പെയ്താൽ ചുമരുകൾക്കിടയിലൂടെ വെള്ളം പുതഞ്ഞു വരാൻ തുടങ്ങി..

ഒരു ഭാഗത്ത് തീരുമ്പോൾ അടുത്ത ഭാഗത്ത്...
അങ്ങനെ ഏച്ചു കെട്ടലുകൾ ഒരുപാട് നടന്നു..
സർവെയർ ആയപ്പോ
ഓഫീസ് വീട്ടിലാക്കി...
വീടെന്ന പഴയ സ്വപ്നത്തിൽ നിന്ന് ഒരാവശ്യം എന്ന നിലയിലേക്ക് വളർന്നു...

പത്ത് വർഷങ്ങൾ...
ഒരുപാട് സ്വപ്നങ്ങൾ....
ഇപ്പോൾ വീട് അതിന്റെ പൂര്ണതയിലാണ്...
പണ്ടുണ്ടായിരുന്നതിനെക്കാൾ ഒരുപാട് മാറ്റങ്ങളോടെ...

എങ്കിലും
ആ പഴയ വീട്ടിൽ
ഉമ്മയെ കെട്ടിപ്പിടിച് കിടന്ന്...
കഥകൾ കേട്ട് ...
അതിന്റെ അത്ര സുഖമോ മനസ്സമാധാനമോ ഞാനിപ്പോൾ അനുഭവിക്കുന്നില്ലെന്നതാണ് സത്യം...

അന്ന് അസാമാന്യ ധൈര്യത്തോടെ ജീവിതത്തിന്റെ തിരിച്ചടികളെ നേരിട്ട ഒരു പെണ്ണ് എന്റെ കൂടെയുണ്ടായിരുന്നു..
എന്നും എപ്പോഴും എന്റെ
റോൾ മോഡലായ എന്റെ
ഉമ്മ....

ഓർമ്മകളായ
ഓടുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയിലിനെ പിടിക്കാൻ ശ്രമിച്ചു കൊണ്ട്.....

*നിയാസ്.പി.മുരളി* ..