2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

എജ്‌ജാതി വിഷു

__*..എജ്‌ജാതി വിഷു..*_

ഞാൻ കൈ ചുരുട്ടി ഒറ്റയിടി...
അവന്റെ മൂക്കിന് തന്നെ...
വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയ പോലെ ചോര ഒലിച്ചിറങ്ങി...
ചോര കണ്ടതും അവന്റെ ബോധം പോയി...
അവന്റെ ബോധം പോയതും ചുറ്റും കൂടി നിന്ന് ഞങ്ങളെ അടി കൂടാൻ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച എല്ലാ കുട്ടികളുടെയും കിളി പോയി...
കിട്ടിയ കണ്ടം വഴി ഓര് ചിതറിയോടി...

ഒരു പഴയ വിഷുക്കാലം...
അക്കാലത്ത് ഒരു പുതിയ ഡ്രസ് കിട്ടുന്നത് ഓണത്തിനും വിഷുവിനുമാണ്...
അതന്നെ ഓണത്തിന് ട്രൗസറ് കിട്ടിയാ പിന്നെ വിഷുവിന് ഷർട്ട്...
രണ്ടും കൂടി ഒരുമിച്ചു വാങ്ങുക എന്നത് ഒരു സ്വപ്നം മാത്രമായ കാലം...

അന്ന് ഉമ്മാക്ക് ഒരു ക്യൂട്ടിക്യൂറ പൗഡറിന്റെ ഒഴിഞ്ഞ പാത്രണ്ടെനി...
കാവി കലർന്ന നിറമുള്ള, വെള്ളയിൽ പേരെഴുതിയ ഒരു ടിൻ..
അതില് കിട്ടിണ ചില്ലറ മുഴുമ്മൻ ഇട്ട് വെക്കും..
ന്ന്ട്ട് വിഷൂനും ഓണത്തിനും അത് തുറക്കും...
അത് പൊട്ടിക്കുമ്പോ പൂച്ച മീനിന്റെ മുന്നിലെ പോലെ ഞാൻ കാത്തിരിക്കും...
പ്രതീക്ഷയോടെ...

അതിന്റെ മോളില് ഒരു രൂപ കടന്ന് പോവുന്ന പോലെ നീളത്തിൽ ഒരു കീറലുണ്ടാക്കും...
അതിലൂടെയാണ് പൈസ ഇടുന്നതും എടുക്കുന്നതും...
കിട്ടാത്ത പൈസ ഒരു ഈർക്കിലി കൊണ്ട് ഇളക്കിയിളക്കി എടുക്കും...
പൗഡറിന്റെ മണമുള്ള ചില്ലറ നിലത്ത് ചെരിയുമ്പോ പൊടി പറക്കുമായിരുന്നു...

റെഡിമേഡ് നമ്മള് കേട്ടിട്ടുപോലുമില്ലാത്ത കാലമായത് കൊണ്ട് ഡിസൈന് വല്യ സ്കോപൊന്നുമില്ലാത്ത ആ തുണികൾ തൈക്കുന്നത് അയൽവാസിയായ അനിയേട്ടനാണ്...
അത് തൈക്കാൻ കൊടുക്കുമ്പോഴേ ഉമ്മ പറയും

"കൊറച്ച് വലുതാക്കി അടിച്ചോളി..
ചെക്കൻ വലുതാവല്ലേ"

അവസാനം കയ്യിൽ കിട്ടുമ്പോ അങ്കിൾ ബണ്ണിലെ മോഹൻലാലിന്റെ ഷർട്ട് പോലെ നീളം കൂടി, വണ്ണം വെച്ച ഒരു ഷർട്ട്...

എന്നാലും
രാവിലെ നേരം വെളുത്താൽ അനിയേട്ടന്റെ വീട്ടിലേക്ക് ഒറ്റയോട്ടാണ്...

ആ പുതുമണള്ള ഷർട്ടും മൂക്കിൽ ചേർത്ത് വെച്ചങ്ങനെ...

കുളിച്ച് മാറ്റി വേഗം നേരെ വടക്കീലേക്ക്....
ഇനിയത്തെ കളരി അവിടെയാണ്..
അവിടുന്ന് വിഷുക്കൈനീട്ടം കിട്ടണം..
ഐനാണ്...
എല്ലാരെ മുറിയിലും കേറിയിറങ്ങും..
എല്ലാരും ഓരോ ഉറുപ്പിക കയ്യില് വെച്ച് തരും...
പുഷ്പേച്ചി മാത്രം ഒരുമ്മയും...
അതും കീശയിലിട്ട് കിലുക്കി,
ഇടയ്ക്ക് എടുത്ത് എണ്ണി നോക്കി...
അങ്ങനെ നടക്കും...

തലേന്ന് പൊട്ടിച്ച പടക്കത്തിന്റെ ബാക്കി മുഴുവൻ ഞാനും ശശിയേട്ടനും മുറ്റത്തിരുന്ന് പൊട്ടിച്ച് തീർക്കും...
പിന്നെ ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ...

അന്ന് ഇപ്പരിപാടികളൊക്കെ കഴിഞ്ഞ് കുറ്റീലെ പറമ്പിലേക്ക് വെച്ചു പിടിച്ചു...
അവിടെയാണ് നല്ല ഉരുണ്ട, ഇളം മധുരമുള്ള, പരന്ന് കിടക്കുന്ന മാവ്...
അതിന്റെ താഴത്ത് എല്ലാരും വന്നിട്ടിണ്ടാവും...
പിന്നെ വൈകുന്നേരം വരെ അവിടെ കളിച്ചു നടക്കും...

ആയിടക്കാണ് അതിന്റെ അടുത്തുള്ള
ബാലേട്ടന്റെ ക്വാർട്ടെഴ്സിൽ പുതിയ താമസക്കാരെത്തിയത്...
ഓരെ മോൻ ദീപു ഞങ്ങളെ ചങ്ങായിയായി...
ഓനും ഞാനും കച്ചറയുടെ കാര്യത്തിൽ ആരാണ് മുന്നിലെന്ന് മത്സരിക്കുന്ന കാലം...
മുട്ടൻ അടിപിടിക്ക് കയ്യഴിച് കൂട്ടുകാര് പ്രോത്സാഹിപ്പിക്കിം ചെയ്യും...

മാവിന്റെ താഴത്തെ കൊമ്പിലിരുന്ന് മാങ്ങ കടിച്ചു കൊണ്ടിരിക്കുമ്പോഴാണ്;
താഴെനിന്ന് ഒരു വിളി...

"കുയിലാ.."

ആ പേര് എന്റെ തലയിൽ പതിഞ്ഞു തുടങ്ങണ കാലാണ്...
അത് കേക്കണത് തന്നെ പ്രാന്താവണ കാലം...

താഴെ വരമ്പിൽ
നാലഞ്ചെണ്ണം നിരന്നിരിക്കുന്നുണ്ട്..
ആരാണ് വിളിക്കണതെന്ന് ഒരു ഐഡിയ കിട്ടിണില്ല...
എല്ലാരും അമർത്തി ചിരിക്കുന്നൂണ്ട്..

"കുയിലാ"
വീണ്ടാമതും...

ഞാൻ ചാടി താഴെയിറങ്ങി...

"ആരാണ്ട ന്നെ അങ്ങനെ വിളിച്ചത്..."

"ഞാൻ തന്നെ... ന്തേ?"

പാതി കടിച്ച മാങ്ങ കയ്യിലിട്ട് തിരിച്ചു കൊണ്ട് ദീപു....

"ജ്ജ് ഞ്ഞി ന്നെ അങ്ങനെ വിളിച്ചാല് അന്റെ കണ്ണും മോറും ഒന്നാക്കും..."

"പിന്നെ ജ്ജ് ഒലക്ക്യക്കും കുയിലാ..."

ന്റെ കാലിലൂടെ പുളിയുറുമ്പ് പോലെ ദേഷ്യം ഇരച്ചു കയറി...
ഓടി ചെന്ന് വരമ്പിൽ നിന്ന് ഓനെ ഉന്തിയിട്ടു...

ഓൻ ചാടിയെണീറ്റ് കയ്യിലിരുന്ന പഴുത്ത മാങ്ങ എന്റെ നേരെ ഒറ്റയേറ്....

മാങ്ങ സ്ലോമോഷനിൽ എന്റെ നേർക്ക്....

ഒഴിഞ്ഞു മാറാൻ ഇടം കിട്ടുന്ന മുന്നേ എന്റെ ഇളം റോസ് നിറമുള്ള ഷർട്ടിൽ മഞ്ഞ നിറത്തിൽ ചളിങാ പിളിങാ മാങ്ങ വീണു...

എന്റെ ഷർട്ട്..
എന്റെ പുതിയ ഷർട്ട്....
അതിലൂടെ ആഫ്രിക്കയുടെ ഭൂപടം വരച്ചു കൊണ്ട് മാങ്ങനീര് ഒലിച്ചിറങ്ങുന്നു....

ചുറ്റുപാട് നിന്ന് കയ്യടികൾ...
അപ് അപ് വിളികൾ...
കുട്ടികൾ ഞങ്ങൾക്ക് ചുറ്റും വട്ടത്തിൽ കൂടി...
എന്തിനും തെയ്യാറായി ഞാൻ...
എതിരിടാൻ ഓനും...

എന്റെ ആദ്യത്തെ ഇടിക്ക് തന്നെ മൂക്കില് നിന്ന് ചോര വന്ന് ഓൻ ക്ലീൻ ബൗൾഡായി....
ആകാശത്തേക്ക് നോക്കി കണ്ണ് മിഴിച്ചു കിടക്കുന്ന അവന്റെ മൂക്കില് നിന്ന്
നെരോലാക് പെയിന്റ് പോലെ ചോര ഒലിച്ചിറങ്ങുന്നു....

ചങ്ങായിമാര് മൊത്തം പറമ്പ് ചാടിക്കടന്ന് ഓടി...
എന്റെ കാല് മണ്ണിനടിയില് പൂണ്ട് പോയ പോലെ...
ഓടാൻ പറ്റണില്ല...

നാല് ഭാഗത്ത് നിന്ന് ആൾക്കാര് ഓടിക്കൂടി...
ഓനെ എടുത്ത് ഹോസ്പിറ്റലിലേക്കോടി...

ന്റെ വിഷൂന്റെ കാര്യത്തിൽ ഒരു തീരുമാനമായത് കൊണ്ട് ഞാൻ ഒളിക്കാൻ വേണ്ടി വടക്കീലെ പത്തായപുരയിലേക്കോടി.

സംഭവം വീട്ടിലെത്തി...
ഉമ്മാക്ക് ബാധ കേറി....
വിഷുവിന് വീട്ടിൽ പടക്കം പൊട്ടിച്ചില എന്ന സങ്കടം ഉമ്മ എന്റെ ചന്തിയിൽ തീർത്തു....
മേശപ്പൂവും നിലചക്രവും ഓലപ്പടക്കവും എന്റെ ചന്തിയിൽ വരഞ്ഞിട്ട പോലെ തെളിഞ്ഞു നിന്നു....

പിന്നെയും വിഷു വന്നു...
പക്ഷെ അന്നത്തെ പോലത്തെ ഒരു വിഷു...
ഇനി എന്നാണാവോ അങ്ങനത്തെ ഒരു വിഷു....
അതാണ് വിഷു...

*നിയാസ്.പി.മുരളി* ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ