2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

മമ്മൂട്ടിന്റെ ഡ്യൂപ്പ്...


"ഇപ്പച്ചീനെ കാണാൻ മമ്മുട്ടീനെ പോലെണ്ട്.. "

രാവിലെ തന്നെ ചാരുപടിയിൽ ഇരുന്ന് പേപ്പർ വായിച്ചു കൊണ്ടിരുന്ന ഞാൻ തല പൊന്തിച്ചു നോക്കി...

അന്നയാണ്..
കൊറേ നേരമായി ഓള് എന്റെ നേരെ അപ്പുറത്ത് വന്നിരുന്ന് തിരിഞ്ഞും മറിഞ്ഞും നോക്കിണ്...
എന്നിട്ടാണി ഡയലോഗ്‌...

"ജ്ജ് ഒന്ന് പൊയ്ക്കാ അന്നേ, രാവിലെ തന്നെ ആളെ പ്രാന്താക്കാണ്ടെ"

ഞാൻ പിന്നെയും പേപ്പറിൽ തല പൂഴ്ത്തി..

"അല്ലപ്പിച്ചയെ..
സത്യം..ഇങ്ങക്ക് സംശയണ്ടെങ്കില് ഇല്ലുനോട് ചോദിച് നോക്കി"

ഓള് വിടാൻ ഇള്ള ഭാവം ഇല്ല...

"നോക്ക് ഇല്ലോ, ഇപ്പച്ചിക്ക് മമ്മുട്ടീന്റെ മൊഖം പോലെല്ലേ"

"അതന്നെ..."

ഓളും ശരിവെച്ചു..

പലരെ പോലെ ഇണ്ടെന്ന് പലരും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചീല..
ഇതിപ്പോ ന്റെ മക്കളെന്നെ പറയുമ്പോ...

ഞാൻ പേപ്പർ മേശയിൽ വെച്ച്, താടി പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആക്കി നോക്കി....

ഹേയ്..അത് ശരിയാവൂല...

ഞാൻ മനസ്സിൽ പറഞ്ഞു.

എന്നാലും മനസ്സ് വരാതെ ഡൈനിങ്ങ് ഹാളിലെ കണ്ണാടിൽ പോയി നോക്കി..

മുഖം കോണിച്ചും,
ചരിഞ്ഞും, മുടി ശെരിയാക്കിയും ശ്വാസം പിടിച്ചും ഒക്കെ നിന്ന് നോക്കി...

എനിക്ക് എന്നെക്കുറിച്ച്‌ അത്ര മതിപ്പ് പോരാ..
ഞ്ഞി കുട്ടികൾക്ക് തോന്നിയാൽ കുറ്റം പറയാനും പറ്റില്ലല്ലോ...
പിള്ള മനസ്സിൽ കള്ളമില്ല എന്നല്ലേ..?😘

"കുട്ട്യേൾ പലതും
പറയിൻടെന്ന് കരുതി ങ്ങക്ക് ഇതെന്തിന്റെ പ്രാന്താ.."

കുട്ടികളുടെ വർത്തമാനവും
കണ്ണാടിയുടെ മുന്നിലുള്ള എന്റെ ഗോഷ്ടിയും കണ്ട് പ്രിയതമ വാതില്ക്കല്..

"എടീ പ്രായം മുപ്പത്തെട്ടായി..
പ്രായായിന്നൊക്കെ ജ്ജ്ല്ലേ പറയാറ്..
ഇപ്പൊ നോക്ക് കുട്ട്യേൾക്ക് കാര്യം മനസ്സിലായി.. അനക്കല്ലേ ന്നെ ഒരു വെലല്ല്യാത്തത്.
പൊറത്തെറെങ്യാ പെണ്ണുങ്ങളൊക്കെ ഇങ്ങനെ നോക്കണതിന്റെ കാര്യം ഇപ്പളല്ലേ മനസ്സിലായത്...
പണ്ടും അങ്ങനെത്തന്യാനി..
അല്ലെങ്കിലും കുട്ട്യേൾ സത്യമേ പറയൂ...."😍

എന്ന് മമ്മുട്ടി സ്റ്റൈലിൽ കൈകുത്തി കൊണ്ട് കാണിച്ചു....

ഞാൻ തള്ളി മറിച്ചു കൊണ്ടിരുന്നു...

"കണ്ടാലും പറയും"😡

ന്നും പറഞ്ഞ് അകത്തേക്ക് പോകുന്ന ഓളുടെ പിന്നാലെ "പൂമാനമേ" പാടി അഭിനയിച്ച് ഞാനും
ഇതെല്ലാം കണ്ട് കൊണ്ട് മക്കളും.....

രാവിലെ ചായ കുടിക്കുമ്പോഴും എന്റെ മനസ്സിൽ കുട്ട്യേൾ പറഞ്ഞതായിരുന്നു...

"ഏത് പടത്തിലെ മമ്മുട്ടീന്റെ പോലെയായിരിക്കും ഞാന്..🤔

എനിക്ക് എന്നെത്തന്നെ കാണാൻ പറ്റാത്തൊണ്ടു ആകെ ജിജ്ഞാസ...
മമ്മുട്ടി അഭിനയിച്ച നൂറു കണക്കിന് പടങ്ങൾ  മനസ്സിലൂടെ ട്രെയിൻ വിളിച്ച് കടന്ന് പോയി...

കിംഗ്‌..
സാമ്രാജ്യം..
ന്യൂ ഡൽഹി...
അങ്ങനെ പൗരുഷം തുളുമ്പുന്ന നിരവധി സിനിമകൾ...
(ടിവിയിൽ പഴയ പടങ്ങളുടെ പൂരമാണിപ്പോ..സ്കൂൾ പൂട്ടിയപ്പോ അതും കണ്ടിരിക്കലാണ് മക്കളെ പ്രധാന പണി..അതാണീ പഴയ സിനിമ പേര് ഓർത്തത്),..

"എന്താ ഇപ്പച്ചിയെ?"

എന്റെ ആലോചനയും വിരല് കൊണ്ടുള്ള കണക്ക് കൂട്ടലും  കണ്ടപ്പോ മേശയുടെ അപ്പുറത്ത് ചായ കുടിച്ചു കൊണ്ടിരുന്ന അന്നയുടെ ചോദ്യം...

"അല്ല.. ജ്ജ് ഏത് പടത്തിലെ മമ്മുട്ടീനെ പോല്യാണ് ഇപ്പച്ചീ ന്നാ പറഞ്ഞത്...

"അത് മമ്മുട്ടി ഈ പുട്ടൊക്കെ തിന്നാൻ ഇഷ്ടള്ള പടം..
മമ്മുട്ടിക്ക് ചെറിയ പ്രാന്തിണ്ട്...
ഒരു അമ്മ കൂടെണ്ട്...
എന്നിട്ട് ആൾക്കാരൊക്കെ ഓനെ അടിക്കും....."

ഓള് അധികം വിശദീകരിക്കണ മുന്നേ എനിക്ക് പടം കിട്ടി...
ഊതി വീർപ്പിച്ച ബലൂണിന്റെ അടിയിൽ അവൾ ചെറിയ ഒരു സൂചി കൊണ്ട് ഒരു കുത്തു കുത്തി; കാറ്റ് ഫോനി ചുഴലി പോലെ ഒഴിഞ്ഞു പോയി......😤

വായിലേക്ക് കടല കൂട്ടി കുത്തി കയറ്റിയ പുട്ട് പാതി വഴിയിൽ നിന്ന് പോയി...🤯

ഇല്ലുവും അന്നയും ചിരി നിർത്താൻ കഴിയാതെ പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുന്നു...🤣

"ദുഷ്ടകൾ..."😡

"കണ്ടാലും തോന്നും..
പിന്നെ പുട്ട് വല്യ ഇഷ്ട്ടും ആണല്ലോ....?"

അകത്ത് നിന്ന് പ്രിയതമയുടെ ആഹ്ലാദ മൊഴി..

NB: Don't under estimate children's..
ചിലപ്പോൾ ചില ചെറിയ വലിയ പണി കിട്ടിയേക്കും...

*സിനിമ ഏതാണെന്ന് മനസ്സിലായവർ കമന്റിടുക* ...

ആ മമ്മുട്ടി ഞാനല്ല...
ഇപ്പോഴും..
എപ്പോഴും..

*നിയാസ്.പി.മുരളി*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ