2010, നവംബർ 23, ചൊവ്വാഴ്ച

പരിണാമം....

ബെല്ലടിച്ചു,
ഇതെന്റെ മരണമണി,
ആയയെത്തേണ്ട നേരമായി,
ഇത്തിരിപ്പാലുമായി,
അതിൽ ഞാനമ്മിഞ്ഞ തിരയണം,
പിന്നെ മെല്ലെ മറക്കണം...
പൊക്കിൾ കൊടി മുറിയുന്നിടം മുതൽ-
ഞാനമ്മയെ മറക്കണം..
വേദനകളിൽ ചെന്നിനായകം പുരട്ടി
ഞാനകലണം...
അച്ചനെന്നു വിളിക്കുന്ന നേരത്ത്
നാവിൽ പകുതി ഡാഡി വാങ്ങി-
ബാക്കി മമ്മിയും...
ഡേ കെയർ സെന്ററിൽ അമ്മയെത്തിരഞ്ഞു ഞാൻ,
ബേബി ഫുഡ്ഡിൽ സ്നേഹത്തിൻ മധുരവും.....
ഇരുളിലെ നിഴലുകൾക്കമ്മ പാപത്തിന്റെ-
നിറം ചേർത്തുവൊ?
അമ്മയെത്തിരഞ്ഞു ഞാനച്ചനെ കണ്ടതില്ല,
അച്ചനെത്തിരഞ്ഞമ്മയേയും....
എങ്കിലുമെനിക്കായ് കാത്തുനിൽ‌പ്പ-
തുണ്ടൊട്ടേറെകമ്പനികൾ!
ഞാനെൻ തലയെടുത്തു,
വെട്ടിപ്പൊളിച്ചതിൽ നിന്നെൻ തലച്ചോറ് മാന്തി-
സ്വപ്നങ്ങൾ തിരഞ്ഞു,
പ്രതീക്ഷകൾ തേടി,
എല്ലാത്തിനുമിടയിൽ അൽ‌പ്പം-
പരസ്യം മാത്രം....
ഒരു മൂകത,
ഇരുളിൽ നിശബ്ദതയായിട്ടല്ല,
സ്വപ്നങ്ങളുടെ ശവക്കല്ലറ പോലെ!
പ്രതീക്ഷകളുടെ വിളിക്കിപ്പുറം നിന്ന്
ഞാനെന്റെ അമ്പയക്കുന്നു!
തിരിച്ചു വരുമത്,
എന്നിട്ടെന്റെ നെഞ്ചിൽ കേറും,
അറ്റത്തു തൂങ്ങുമീ വാക്കുമായി....
“സമാധാനം തേടും ജനങ്ങളെ-
കടന്നുവന്നീടുക, സാന്ത്വനമായി-
നിനക്കേകാം ഞങ്ങൾ
സ്വസ്തതയിലേക്കൊരു പാത..
                                       സ്പോൻസേർഡ് ബൈ.....



നിയാസ്.പി.മുരളി...

2010, നവംബർ 10, ബുധനാഴ്‌ച

ഡിസ്നി കതകൾ..... 1

ആരോ തോണ്ടുന്നതു പോലെ തോന്നിയിട്ടാണു ഞാൻ നോക്കിയത്.സീറ്റിൽ തന്റെ കൂടെ ഇരുന്ന ആളാണ്.
“പരപ്പനങ്ങാടി അല്ലെ ഇറങ്ങേണ്ടത്?“ അയാൾ ചോദിച്ചു.
‘അതെ“
“അടുത്ത സ്റ്റോപ്പാണ്”
അയാൾ പുറത്തേക്ക് നോക്കി. കൂട്ടുമൂച്ചി കയറ്റം കഴിഞ്ഞപ്പോൾ ഒന്നു കണ്ണ് മാളിയതാണ്.കോഴിക്കോട് നിന്ന് ബസ്സിൽ കയറിയപ്പോഴെ എന്റെ ഇടതു ഭാഗത്ത് അയാൾ ഇരിക്കുന്നുണ്ടായിരുന്നു.ഒരു പക്ഷെ പരപ്പനങ്ങാടി അല്ലെങ്കിൽ അതിനപ്പുറം.എങ്ങോട്ടായാലും കയറിയപ്പോൾ ഞാനയാൾക്ക് കൊടുത്ത ചിരിക്കപ്പുറം ഞാനൊന്നും അയാളോട് സംസാരിച്ചിരുന്നില്ല.പിന്നെയെങ്ങിനെ?ഒരു പക്ഷെ ടിക്കെറ്റ് എടുത്തപ്പോൾ ശ്രദ്ദിച്ചതാവാം...
എന്നാലും ഞാനയാൾ ഇറങ്ങേണ്ട സ്ഥലം ശ്രദ്ധിച്ചില്ലല്ലോ? അല്ലെങ്കിലും ജീവിതത്തിൽ തന്നെ നാം അറിയാതെ പലരും നമ്മെ ശ്രദ്ധിക്കുന്നുണ്ടാവാം;നാം അറിയുന്നിലെങ്കിലും....
അതു തന്നെയാണ് ജീവിതത്തിന്റെ ആകസ്മികത എന്നു തോന്നുന്നു.
ബസ് അഞ്ചപ്പുര പിന്നിട്ടു,ടൌണിന്റെ ഉള്ളിലേക്കു ഊളിയിടാൻ തുടങ്ങി.
എട്ട് കൊല്ലത്തിനു ഒരു ഗ്രാമത്തിൽ വരുത്താവുന്നതിനേക്കാളേറെ ഗ്രാമം മാറിയിരിക്കുന്നു,
റോഡ് ഒന്നു കൂടി നന്നായിരിക്കുന്നു.കടകൾക്കെല്ലാം പുതിയ ഭാവങ്ങൾ.ഹാല ഹാ‍ർഡ് വെയർ നിന്നിരുന്ന പഴയ കെട്ടിടം അവിടെ കാണാനെ ഇല്ല,അവിടെ ഒഴിഞ്ഞു കിടക്കുന്നു.ഗ്രാമസിരാകേന്ദ്രം ഒരു നഗരത്തിന്റെ കുപ്പായം വലിച്ചിടാൻ ശ്രമിക്കുന്ന പോലെ തോന്നി.എല്ലായിടത്തും മാറ്റങ്ങൾ...മാറ്റമില്ലാതെ ഞാൻ മാത്രം...
“പരപ്പനങ്ങാടി...പരപ്പനങ്ങാടി...“ ക്ലീനർ വിളിച്ചു പറഞ്ഞു.
അയാൾ അവിടെ ഇറങ്ങുവാനുള്ളതല്ലെന്നു തോന്നുന്നു. കാലെടുത്ത് എനിക്കു സീറ്റിൽ നിന്നിറങ്ങുവാൻ വഴിയൊരുക്കിത്തന്നു.അയാൾക്ക് ഒരു ചിരി സമ്മാനിച്ച് ഞാൻ ഇറങ്ങാനായി നടന്നു.അപ്പോഴേക്കും ആളുകൾ കയറിത്തുടങ്ങിയിരുന്നു.
“ആളിറങ്ങണം...ആളിറങ്ങണം..“ഞാൻ വിളിച്ചു പറഞ്ഞു.
“എവിടെപ്പോയിരിക്ക്യാരുന്നു മാഷെ.എത്ര നേരായി വിളിക്ക്ണ്?“
ഞാനൊന്നും പറയാൻ നിന്നില്ല, ഇറങ്ങി നടന്നു.
ഒന്നു ചുറ്റും നോക്കി.തിരൂർ ബസ് നിർത്തിയിടുന്നവിടത്തെ നരച്ച കെട്ടിടം ഇപ്പോഴും അവിടെത്തന്നെയുണ്ട്.ഭാഗ്യം,അതെങ്കിലും മാറിയിട്ടില്ലല്ലൊ?
ബോംബെ ക്ലോത്ത്മാർട്ട് പൂട്ടിയെന്നു തോന്നുന്നു.അവിടെ ഇപ്പോ വേറെ എന്തൊക്കെയോ ആണ് കാണുന്നത്.അപ്പുറത്ത് ഇപ്പൊഴും റിലാക്സ് കൂൾബാറുണ്ട്,ഒന്നു മോടി പിടിപ്പിച്ചിട്ടുണ്ടെന്നു മാത്രം.
ബസ് വന്നപ്പോഴെ ഓട്ടോകൾ വട്ടം ചുറ്റിയിരുന്നു ഈച്ച പൊതിയുന്ന പോലെ. ആ കൂട്ടത്തിലെവിടെയെങ്കിലും അജയന്റെ മുഖമുണ്ടോ?എവിടെ; പാവം ഇപ്പോൾ പോലീസ് കാമ്പിൽ നരകയാതന അനുഭവിക്കുന്നുണ്ടാവും.ഓട്ടോ വിളിക്കണ്ട, നടക്കാം,കുറെ കാലമായില്ലെ ഈ വഴിയിലൂടെ നടന്നിട്ട്. ട്രാൻസ്ഫോർമെർ കഴിഞ്ഞപ്പോൾ വെറുതെ വലത് ഭാഗത്തേക്കു നോക്കി. ഡിസ്നി നിന്നിരുന്ന കെട്ടിടം ഇപ്പോഴും അതുപോലെത്തന്നെയുണ്ട്, ഒരു മാറ്റവുമില്ല.താഴെ താരേട്ടന്റെ പൂക്കട.രണ്ട് മൂന്ന് കടകൾക്ക് രൂപമാറ്റം സംഭവിചതൊഴിച്ചാൽ പിന്നെ എല്ലാം പഴയതു പോലെ തന്നെ.
എന്നെ കണ്ടിട്ടാവണം, താരേട്ടൻ കൈമാടി വിളിക്കുന്നുണ്ട്.ഞാൻ റോഡിന്റെ ഇരുവശവും നോക്കി സാവധാനം മറുവശം കടന്നു.
പൂക്കട, പഴയ പോലെത്തന്നെ.താരേട്ടനും പറയത്തക്ക മാറ്റമൊന്നുമില്ല.
“എന്തേ,ഈ വഴിയൊക്കെ? നീ ഇവിടുന്നു വീടും സ്ഥലോം വിറ്റ് പോയീന്ന് ആരോ പറഞ്ഞു.നിനക്കിപ്പൊ എന്താ പണി?നീയിപ്പോ എവിട്യാ?
ചോദ്യങ്ങളെല്ലാം ഒന്നൊഴിയാതെ വന്നുകൊണ്ടിരുന്നു.
“ഞാനിപ്പൊ ചെന്നയിലാ ഒരു ചെറിയ കമ്പനീല് പണിണ്ട് അവിടത്തന്യാ താമസും”
ഞാൻ വെറുതെ കോണിപ്പടിയുടെ അടിയിൽ നിന്ന് മുകളിലേക്ക്  നോക്കി.നിറയെ കുരുക്കുകളിട്ട കയർ ഇപ്പോഴും അവിടെ തൂങ്ങിക്കിടപ്പുണ്ട്.പകുതിക്കു വച്ചു മുറിഞ്ഞു പോയ പലകകളോട് കൂടിയ കോണിയും അതു പോലെത്തന്നെ.
“നിങ്ങളൊക്കെ പോയ ശേഷം പിന്നെ കൊറച്ച് അണ്ണന്മാരായിന്നു അവ്ടെ.കുടിച്ച് ബഹളണ്ടാക്കീന്ന് പറഞ്ഞ് കുഞ്ഞാപ്പുട്യക്കന്നെ ഓരെ പറഞ്ഞു വിട്ട്.ഇപ്പൊ ഒയിഞ്ഞ് കെടക്കാ അവ്ടെ“
മുകളിൽ നിന്ന് എന്തൊക്കെയോ ഒച്ച കേൾക്കുന്നുണ്ട്. ഞാൻ സാവധാനം മുകളിലേക്കു കയറി.എത്ര പ്രാവശ്യം പിടി കിട്ടാതെ ഇവിടെ നിന്ന് വീണിട്ടുണ്ട്.മുകളിലെത്തുന്തോറും ഒച്ച കൂടുതൽ വ്യക്തമാവാൻ തുടങ്ങി.ഏതോ പഴയ ഗാനത്തിന്റെ കോറസ്സ്, ഒഴുകി വരുന്നു...
കുഞ്ഞാണ്ടി, കാലും സീറ്റും ചളുങ്ങിയ കസേരയിലിരുന്ന്, നടു കുഴിഞ്ഞു പോയ ടേബിളിൽ താളമിട്ട് പാടുകയാണ്. അഴി തേഞുപോയ, എപ്പോഴും തുറന്നുകിടക്കുന്ന ജനാലയുടെ അടുത്ത് ജനലിലെ മറ്റൊരു കമ്പി പോലെ രജീഷ് വിദൂരതയിലേക്കു നോക്കി വലിക്കുന്നു. മുറിയുടെ രണ്ടു മൂലകളിലുമായി ഇർഷാദും നായരും പുകച്ചുരുളുകൽക്കിടയിൽ കിടന്നുറങ്ങുന്നു.
ആരോ ഓടിക്കയറുന്ന പോലെ . കോണി കുലുങ്ങി ശബ്ദമുണ്ടാക്കാൻ തുടങ്ങി.
കുഞ്ഞാണ്ടി ഓടിപ്പുറത്തെക്കു വന്നു.
“അൾട്ടാവ്യേ അന്നോട് പറഞ്ഞിട്ടില്ലെ സാവധാനം കേറി വരാൻ... താഴെ കഷണ്ടിക്കാക്ക കടേല്ണ്ട്.”
“അവ്ടെ ആരെം കാണാല്ല്യ് കുഞ്ഞാണ്ട്യേ..”    
ഡിസ്നി നിൽക്കുന്ന ബിൽഡിങ്ങിന്റെ ഓണറാണ് കഷണ്ടി.
എവിടെയൊക്കെയൊ ഓർമ്മകൾ ചിതറിക്കിടക്കുന്ന പോലെ. വല്ലാത്ത വീർപ്പുമുട്ടൽ.
എല്ലാം പഴയതു പോലെ തന്നെ, ഇവിടെയെങ്കിലും!
ഞാൻ എന്റെ ബാഗ് അരമതിലിന്റെ മുകളിൽ വെച്ചു. ഡിസ്നി ബോർഡ് നിന്ന ഭാഗത്തെ ചൂഴികയിൽ
പിടിച്ച് താഴേക്കു നോക്കി. പണ്ട്, ഇവിടിരുന്നു എത്രയോ പെൺകുട്ടികളെ ലൈനാക്കൻ ശ്രമിച്ച് പരാജയപ്പെട്ടതാ. ഈ ചൂഴികയിൽ കൈ വെക്കുമ്പോൾ, ഒരുപാടാൾക്കാരുടെ കൈകൾ അടിയിലുള്ളതു പോലെ ഒരു തോന്നൽ...
“എഡാ രശ്മി അതാ പോണു“
“എവ്ടെ, എവ്ടെ”
ഒരുപാടു ശബ്ദങ്ങൾ ചുറ്റ് നിന്നും ഉയരുന്ന പോലെ....
താനൂരിലേക്കുള്ള ബസ്സ് സ്റ്റോപ് ഇപ്പോഴും അവിടെ തന്നെ, ഒരു മാറ്റവുമില്ലാതെ...
റോഡ് കുറച്ച് വീതി കൂടി എന്നു മാത്രം.
താഴെക്കൂടി വാഹനങ്ങളും ആളുകളും തലങ്ങും വിലങ്ങും പായുന്നു.
നീളൻ വരാന്തയുടെ അറ്റത്തെ മുറി, പണിക്കാരുടെ പണിയായുധങ്ങൾ വെക്കാൻ വാടകക്കു കൊടുത്തതാണ്. തൊട്ടിപ്പുറത്തെ മുറി, താഴത്തെ ഇലക്റ്റ്രിക് ഷോപ്കാരുടെ വർക്കിങ് റൂമും. നടുവിലായി ഞങ്ങളുടെ സ്വന്തം കുഞ്ഞാണ്ടിയുടെ ഡിസ്നിയും. അവിടെ ഞങ്ങളായിരുന്നു താരങ്ങൾ...
പരപ്പനങ്ങാടി അറിയാതെ പോയ പരപ്പനങ്ങാടിയുടെ സ്വന്തം താരങ്ങൾ......


                                   ഇനി ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കാം....

സ്വന്തം,

നിയാസ്.പി.മുരളി.....