2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ചീവീട്...


ചത്ത ചീവീടിന്റെ സംഗീതത്തിന്-
ഇനിയും പ്രകടിപ്പിക്കാനാവാതെ പോയ-
പ്രണയത്തിന്റെ താളമുണ്ട്!
പങ്കുവെക്കപ്പെടാതെ പോയ-
രതിയുടെ വേദനയുമുണ്ട്!
പിറക്കാനാവാതെ പോയ കുഞ്ഞിന്റെ-
പുഞ്ചിരിയുണ്ട്!
പറന്നെത്താൻ കഴിയാതെ പോയ-
ദൂരങ്ങളുടെ വേഗമുണ്ട്!
ഇനിയും വിഘടിച്ചു തീർന്നിട്ടില്ലാത്ത-
നെഞ്ചിൻ കൂടിനുള്ളിൽ-
ആശ്ലേഷിക്കപ്പെടാതെ പോയ-
ഹ്രദയങ്ങളുടെ ചൂടുമുണ്ട്!
നഷ്ടപ്പെടുത്തലുകളെ ഓർമ്മപ്പെടുത്തി;
അവ എനിക്ക് ചുറ്റും പറക്കുന്നു!
ഇരുളിന്റ് ആഴങ്ങളിലെവിടെയോ നിന്ന്-
പ്രണയം തേടി, അവ ഇപ്പോഴും-
സംഗീതം പൊഴിക്കുന്നു!
ശരീരം; 
പ്രണയമല്ലെന്ന തിരിച്ചറിവോടെ......


                                                                                              നിയാസ്.പി.മുരളി

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

കടലും മഴയും!

ഒരു തുള്ളിയിറ്റി,
രണ്ട്,മൂന്ന്,
പെയ്തു തുടങ്ങി,
കുമ്പിൾ നിറഞ്ഞു, മുറ്റത്തെ ചെപ്പും!
പുഴയും കായലും കടലും നിറഞ്ഞു-
മനസ്സും!
വെള്ളം,
ഒരു തുള്ളി വറ്റി,രണ്ട്, മൂന്ന്
കായലും പുഴയും കിണറും വറ്റി,
ഇനി കടൽ മാത്രം!
ഇനിയെന്നീ കടലൊരു കരിമേഘമാകും?
കാറ്റത്തു മെല്ലെ പറന്നകലും?
മഴയെന്ന പേരിൽ തിമിർത്തു പെയ്യും?
ഇത്തിരി കുടിനീരുമായൊത്തിരി-
തെളിനീരൊഴുക്കും?........
                          
                                          നിയാസ്.പി.മുരളി

2010, ഏപ്രിൽ 13, ചൊവ്വാഴ്ച

രണ്ടിലകളും മരവും......

ഇതു പ്രണയത്തിന്റെ മരം,
ഇതിൽ നീയെന്റെ അടുത്ത് ഒരു-
പച്ചിലയായ് വളരുക..
ഒന്നിനുമല്ല,
വെറുതെ കണ്ടിരിക്കാൻ,
വെറുതെ സംസാരിക്കുവാൻ,
ഒരിക്കലും നീ പഴുക്കരുത്!
സൌഹൃദം തലക്കു പിടിക്കുമ്പോൾ,
എന്റെ മനസ്സു പിടക്കുമ്പോൾ,
ഞാൻ പഴുക്കാം...
എന്നിട്ടീ മണ്ണിൽ ചീഞ്ഞലിഞ്ഞു ചേരാം..
പിന്നെ മെല്ലെ,
കാലത്തിലൂടെ നീളുന്ന
ഈ മരത്തിന്റെ ഞരമ്പുകളിലൂടെ
വളമായി ലയിച്ചമർന്ന്
ചോണനുറുമ്പുകൾ പോലെ
നിന്റെ ഞരമ്പുകളിലേക്കെത്താം...
നൽകാൻ മറന്നുപോയ യൌവ്വനത്തിന്റെ
തുടിപ്പായി നിന്നിൽ നിറയാം...
ഒടുവിൽ-
ഒന്നായതൊന്നുമല്ലാതാവുന്ന നേരത്ത്-
നമുക്ക് വിട്ടു പോവാം...
ഒരു പഴുത്തിലയായി നീയും
ജലരേഖയായി ഞാനും
മണ്ണിലേക്ക്, മണ്ണിലൂടെ
സാവധാനം...
അകന്നകന്ന് നുരുമ്പിപ്പോവുക......

                                                       നിയാസ്.പി.മുരളി

2010, ഏപ്രിൽ 11, ഞായറാഴ്‌ച

നീ...

നിന്നെക്കുറിച്ചൊരുപാട് പറയണം-
എന്നെനിക്കുണ്ട്, എങ്കിലും.....
ഞാൻ ഇതുവരെ സഞ്ചരിച്ച ലോകങ്ങൾ,
വായിച്ചിട്ടുള്ള പുസ്തകങ്ങൾ,
അറിഞ്ഞ നിറങ്ങളും നിലാവുകളും,
എല്ലാം നിന്നിലൂടെ മാത്രമാണ്!
എന്റെ,
പുഞ്ചിരിയുടെ സുഗന്ധവും
കണ്ണീരിന്റെ നിശ്വാസവും
വിരഹത്തിന്റെ തളർച്ചയും
നീയാണ്...
അതുകൊണ്ടു തന്നെ,
എന്റെ യാത്ര നീയാണ്,
ഒരു പക്ഷെ;
മരണവും......