2010, മേയ് 20, വ്യാഴാഴ്‌ച

എന്റെ മകൾക്ക്.......

ഒരു മഴ;
തോരാതെ പെയ്യുന്നതും കാത്ത്-
ഞങ്ങളിരുന്നു,
ഒടുവിലവൾ വന്നു,
ഒരു വർഷകാലത്തിന്റെ മുഴുവൻ-
പ്രണയഭാരവുമായി...
കുളിരോലുന്ന ഒരു മഴത്തുള്ളിയായി
അവളെ ഞങ്ങൾ;
നെഞ്ചിൽ ചേർത്തു വെച്ചു,
ഹൃദയത്തോട് ചേർന്നലിഞ്ഞ്-
ഞങ്ങളിൽ ലയിച്ചമരും വരെ....
ഒരു പുലർകാലമഴ നനഞ്ഞിറങ്ങിയ അവളെ-
മഴയെന്നു തന്നെ ഞങ്ങൾ വിളിച്ചു...
അവളുടെ ചിരി;
ഒരു പെരുമഴക്കോളിളക്കത്തിന്റെ-
ചിണുങ്ങലായിരുന്നു...
അവൾ പരത്തുന്ന സന്തോഷത്തിന്റെ-
സുഗന്ധത്തിന്-
പുതുമണ്ണിൽ വീണലിഞ്ഞ മഴ പരത്തിയ-
ഗന്ധമായിരുന്നു.......
ഈ മഴക്കാലത്ത്-
എന്റെ വീടിന്നുമ്മറത്ത്-
മഴ;നീർച്ചാലു തീർത്ത വഴികളിൽ-
കളിയാടിത്തിമിർക്കാൻ-
അവൾ ഇപ്പോഴേ പിച്ച വെച്ചു തുടങ്ങി;
അവൾ നനഞ്ഞിറങ്ങിയ-
മഴയുടെ ഓർമകളിൽ.......



                                                                                                                           നിയാസ്.പി.മുരളി



2010, മേയ് 4, ചൊവ്വാഴ്ച

പ്രിയപ്പെട്ടവൾക്ക്.......

പ്രിയപ്പെട്ടവളേ.....
ഒരു വസന്തം വിട പറയുമ്പോഴാവണം;
നമ്മൾ കണ്ടുമുട്ടിയത്!
നമ്മിൽ പ്രണയം
തളിർത്തതും പൂവിട്ടതും
ഒടുവിൽ;
വേനൽച്ചൂടേറ്റ് ഉണങ്ങിയതും
വളരെപ്പെട്ടന്നായിരുന്നു...
പ്രിയപ്പെട്ടവളേ.....
ഒരു പുഴ;തോടാവുന്നതിന്റെയും
നീർച്ചാലാവുന്നതിന്റെയും ദ്രിശ്യങ്ങളാണ്-
നിന്നിലെ യൌവ്വനം
എന്നെ ഓർമിപ്പിക്കുന്നത്....
ഞാനെവിടെ എന്ന ചോദ്യത്തിന്-
നിന്റെ കണ്ണിണത്തുമ്പ് തുറന്നു തന്നു.
നീയെവിടെ എന്ന ചോദ്യത്തിന്-
ഞാൻ കണ്ണുകൾ ഇറുകെ അടച്ചു!
എന്റെ പ്രണയം;
രതിയുടെ താളത്തിലാവുമ്പോൾ-
നിന്നെ ഇറുകെപ്പുണർന്നു,
നിന്റെ പ്രണയം;
ആവിഷ്കാരത്തിനാവുമ്പോൾ-
നിഷ്കരുണം തള്ളിക്കളഞ്ഞു...
പ്രിയപ്പെട്ടവളേ.....
ചില വാക്കുകൾ അർത്ഥം തേടുന്നത്;
എന്റെയും നിന്റെയും മനസ്സിലാണ്.
ഒടുവിൽ; ചോദ്യങ്ങൾ ബാക്കിയാക്കി-
തലതല്ലിച്ചാവുന്നതും.
നീയെന്നെ അറിയുന്നതും
ഞാൻ നിന്നെ അറിയുന്നതും
ശരീരങ്ങൾ;
പ്രണയത്തെപ്പറ്റിപ്പറയുമ്പോഴായിരിക്കാം...
എന്നെ ഉൾക്കൊള്ളാൻ-
കഴിയാതിരുന്നതിനാലാവണം;
നിന്റെ കണ്ണുകൾ നിറഞ്ഞത്.
നിന്നെ തള്ളാൻ കഴിയാത്തതു കൊണ്ട്-
എന്റെ കണ്ണുകളും!
പ്രിയപ്പെട്ടവളേ.....
നീ; പ്രണയത്തിനും
ആവിഷ്കാരത്തിനും
എന്റെ പേര് നൽകി.
ഞാൻ; വികാരത്തിനും
വിയർപ്പിനും നിന്റെ പേരും!
പ്രിയപ്പെട്ടവളേ.....
ഒരിക്കൽ;
പ്രണയപുസ്തകത്തിന്റെ
ആദ്യതാളിൽ നിന്റെ പേരെഴുതി വെച്ചൂ
താഴെ;
പുഴ നിന്റെ അരഞ്ഞാണമാവുന്നതും
നിലാവ് നിന്നെ പുണരുന്നതും
നിന്റെ ചിരികൊണ്ട് പൂക്കൾ വിടരുന്നതും
ഞാൻ വർണ്ണിച്ചു.
ഇപ്പോൾ നീയെനിക്ക്-
ഉഷ്ണകാലത്തെ പുതപ്പാണ്!
ഇനിയൊരു പക്ഷെ;
അടുത്ത മഞ്ഞുകാലത്ത്,
ഞാൻ നിന്റെ ചൂട് കൊതിക്കും
നീ, അപ്പോഴും ഓടിവരും!
കാരണം,
 നീ പെണ്ണും,
ഞാൻ ആണുമെന്നതു തന്നെ!
പ്രിയപ്പെട്ടവളേ.....
നീയെന്തിന് എപ്പോഴും-
പ്രണയത്തെക്കുറിച്ച് പറയുന്നു?
നീയത് കൊതിക്കുകയും
ഞാനത് കൊതിപ്പിക്കുകയും
ചെയ്യുമെന്നിരിക്കെ?
നീ ശരീരത്തെക്കുറിച്ച് പറയൂ
ഞാൻ കൊതിക്കുകയും
നീ പ്രണയത്തിന് വിധേയയാവുകയും
ചെയ്യുന്നുവെങ്കിൽ........


                            
                                                                                                            നിയാ‍സ്.പി.മുരളി