2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

സിൽക്സ്മിതയുടെ ഡാൻസ്.

*"സിൽക്ക് സ്മിതയുടെ ഡാൻസ്* "

"ട്ടെ ട്ടെ..."

വെള്ളത്തിൽ ചീയാനിട്ട തൊണ്ട് കല്ലിന്റെ മേലിട്ട് നല്ല ഉരുണ്ട വടി കൊണ്ട് അടിച് ചകിരി നാര് പുറത്തെടുക്കുന്ന പോലെ ഉമ്മ; എന്റെ ചന്തിക്കിട്ട് പെരുമാറുകയാണ്...

മൂട് കീറി,
ചരട് കൊണ്ട് കെട്ടിയ ട്രൗസർ എപ്പോഴോ കെട്ട് പൊട്ടി താഴെ വീണിരുന്നു..

കയ്യ് രണ്ടും ജനലഴിയോട് ചേർത്ത് കെട്ടിയത് കൊണ്ട്
ചന്തി മാത്രം സിൽക്ക് സ്മിതയുടെ ഡാൻസ് പോലെ അങ്ങോട്ടും ഇങ്ങോട്ടും നീക്കിക്കൊണ്ടിരുന്നു...

പുളിവടി,
മടൽ..
കൊലച്ചിൽ...
എന്ന് വേണ്ട സകലതും എന്റെ ചന്തിയിൽ കരാള നൃത്തം നടത്തി...
വെളുത്ത് നീണ്ട തുടയും ചന്തിയും മത്തി മുളകിട്ട പോലെ...

"എടീ പണ്ടാറക്കാലത്തി..
ജ്ജ് ആ ചെക്കനെ അടിച്ച് കൊല്ലല്ല..."

ചരുമുറിക്ക് പുറത്ത് നിന്ന് പീച്ചിമ്മ താത്തയും കദീജാത്തയും തലക്ക് കയ്യ് കൊടുത്ത് നിലവിളിച്ച് കൊണ്ടിരുന്നു...

ഉള്ളിൽ നിന്ന് കുറ്റിയിട്ട മുറി യുദ്ധക്കളം പോലെ...

ഒരു മൂലക്ക് തളർന്ന പോരാളിയെ പോലെ ഉമ്മ..

ഇനിയും നൂറടി തടുക്കാനുള്ള ശേഷിയുമായി ഞാനും എന്റെ ചന്തിയും...

റൂമിന് പുറത്ത് എന്റെ കാറൽ കേട്ട് ഓടിയെത്തിയ രണ്ട് കിലോമീറ്റർ അകലെ നിന്ന് പോലുമുള്ള അയൽവാസികൾ....

കുരുത്തക്കേട് എന്റെ പര്യായമായി എഴുതി വെച്ച LP സ്കൂൾ കാലം...

ഒരു മധ്യവേനലവധിക്കാലം...

അന്ന് ഞങ്ങൾ റേഷൻ വാങ്ങുന്ന കട പുത്തരിക്കലാണ്...
കോടതിയുടെ മുന്നിൽ...

ഹൈസ്കൂള് കടന്ന്..
റെയിൽവേ പാളം മുറിച്ചു കടന്ന്..
പാളത്തിന് സമാന്തരമായ വഴിയിലൂടെ
ചാമ്പ്രയിലൂടെ നടന്ന് വേണം റേഷൻ ഷാപ്പിലെത്താൻ..

കുറച്ചു കൂടി മുന്നോട്ട് പോയി വളഞ്ഞു പോയാൽ ആലിക്കേയിന്റെ വിശാലമായ പറമ്പിലൂടെ ജയകേരള തിയേറ്ററിന്റെ അടുത്തൂടെ പോവാം...
അതിലൂടെ പോയാൽ രണ്ടുണ്ട് കാര്യം...
പറമ്പ് നിറയെ പല രൂപത്തിലും ഭാവത്തിലുമുള്ള മാങ്ങകളാണ്...
അത് നിലത്ത്‌ വീണ് കിടക്കുന്നുണ്ടാവും...
അതും പെറുക്കി,
അതും കടിച്ച്
തിയേറ്ററിന്റെ മുന്നിലെ പോസ്റ്ററിൽ അന്തംവിട്ട് നോക്കി നിൽക്കാം...

ദാരിദ്ര്യം അതിന്റെ ഉച്ചസ്ഥായിൽ നിൽക്കുന്ന കാലം..
രണ്ട് ദിവസമായി വീട്ടിൽ കഞ്ഞി വെള്ളം മാത്രം റേഷൻ പോലെ കിട്ടിയ കാലം....
അന്ന് കൂടി കഴിഞ്ഞാൽ പിന്നെ കഞ്ഞി വെള്ളം പോലും കുടിക്കാനില്ല...

ഉമ്മ,
ആരോടോ കടം വാങ്ങിയ പൈസയും തന്ന് എന്നെ റേഷൻ ഷാപ്പിലേക്ക് വിട്ടു...

പോണ വഴിക്കുള്ള മാവിന് കല്ലെറിഞ്ഞ്...

ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന വലിയ കുട്ടികളെ നോക്കി നിന്ന്...

റയിൽവേയോട് ചേർന്നുള്ള നീളൻ വഴിയിൽ കുട്ടികൾ കോട്ടി കളിക്കുന്നു...
ഞാൻ കീശ തപ്പി നോക്കി..
രണ്ട് കോട്ടി (ഗോലി)യുണ്ട്...
റേഷൻ പീടിക പൂട്ടാൻ ഇനിയും സമയമുണ്ട്...

സഞ്ചിയും കാർഡും പൈസയും ഞാൻ
കുഴിത്തമ്പ് കളിക്കാനിരുന്നു...

കളിപ്പിരിമുറുക്കം കൂടി...
കോട്ടി കിട്ടിയും  പോയും കൊണ്ടിരുന്നു...

സമയം ഇരുട്ടാനായി...
ഇനിയും നിന്നാൽ റേഷൻ കട പൂട്ടും..

അവശേഷിച്ച ഒരു കോട്ടിയും കീശയിലിട്ട്,
സഞ്ചിയും കാർഡുമെടുത്ത് ഞാൻ ഓടി...

ഒരു ദീർഘ ശ്വാസമെടുത്ത് മുഹമ്മദ്ക്കാന്റെ കയ്യിലേക്ക് കാർഡ് കൊടുത്തു...
രജിസ്റ്ററിൽ അടയാളപ്പെടുത്തി എന്റെ നേർക്ക് കൈനീട്ടി...

"പൈസ"?

"കാഡിന്റെ ഉള്ളിലിണ്ട്"
ഞാൻ പറഞ്ഞു...

"ഈന്റെ ഉള്ളില് ഒന്നൂല്യ"
ജ്ജ് പൈസ കുണ്ടാ"

ഞാൻ ഞെട്ടി....
പോയ വഴിയൊക്കെ ഞാൻ മനസ്സ് കൊണ്ട് ഒന്നു കൂടി കയറിയിറങ്ങി...
ഓരോർമ്മയും കിട്ടുന്നില്ല...

വടക്കീലെ പുളിയുടെ കൊമ്പൊടിയുന്ന ശബ്ദം ചെറുതായി ഞാനൊന്ന് കേട്ടു...

ഇനിയെന്ത് ചെയ്യും..?
അരിയില്ലാതെ വീട്ടിൽ പോകാൻ പറ്റൂല..
ഞാൻ കരഞ്ഞു മൊഹമ്മദ്ക്കാൻറെ കാല് പിടിച്ചു...

"ആ സാരല്യ..
ഒരു കാര്യം ചെയ്യാ..
ജ്ജ് അരി കൊണ്ടോയിക്കോ...
റേഷൻ കാർഡ് ഇബടിരുന്നോട്ടെ...
അടുത്ത പ്രാവശ്യം പൈസ തന്നിട്ട് കൊണ്ടോയിക്കോ"

ഞാൻ അപ്പൊ സമാധാനപ്പെട്ടെങ്കിലും
പിന്നെ ഞെട്ടി...
അന്ന് ആധാരത്തിനെക്കാളും വില പിടിപ്പുള്ള സാധനമാണ് റേഷൻ കാർഡ്...
ഭംഗിയായി പൊതിഞ്ഞ്
ഒരു കവറിലിട്ടാണ് ഉമ്മ തന്നെ അത് സൂക്ഷിക്കാറ്‌...
അരി വീട്ടിലെത്തിയാൽ മുറത്തിലേക്ക് ചെരിഞ്ഞ് അടിയിൽ നിന്ന് റേഷൻ കാർഡ് എടുത്ത് ഭദ്രമായി വെക്കും....

കാലങ്ങളായുള്ള കീഴ്വഴക്കം...

ആ ആചാരം ഇന്ന് ലംഘിക്കപ്പെടും...

പെട്ടാൽ....?

ആ ചോദ്യചിഹ്നം തന്നെ എന്നെ മൊത്തത്തിൽ ഒന്ന് ഉളുമ്പിപ്പിച്ചു...

വീട്ടിലെത്തി...

"എവുഡൈനി കുരുത്തം കെട്ടൊനെ"

എന്ന സ്വാഗതഗാനം പാടി
അരി വാങ്ങി ഉമ്മ അകത്തേക്ക് പോയി...
ഞാൻ ചന്തി ഉഴിഞ്ഞു പുറത്തും...

"ടാ കാർടെവുടെ?"

ഞാൻ ഉമ്മാന്റെ മുഖത്ത് നോക്കി..

"റേഷൻ പീടീല്"

വിവരണം മുഴുവനാവുന്ന മുന്നേ എന്റെ കയ്യും പിടിച്ച് ഉമ്മ ചെറുമുറിയിൽ കയറിയിരുന്നു...
പിന്നെ കേറി വന്നത് നല്ല പുളിവാറുമായിട്ടാണ് ....

ഉമ്മ ചരുമുറിയുടെ വാതിൽ തുറന്നു...
ഞാൻ എന്റെ കോളാമ്പി ഓണാക്കി...
അത് എന്റെ കരച്ചിലിന്റെ ശബ്ദം നാല് പാടും ചിതറിച്ചു....
പീചിമ്മതാത്ത ഓടി വന്നു...
ചുവന്ന വരകൾ വീണ എന്റെ തുടകൾ തലോടി...

"പഹച്ചി.. ഈ ചെക്കനെ അടിച്ചു കൊന്ന്ക്ക്ണ്..."
അനക്ക് എന്തിന്റെ പ്രാന്താ പെമ്പറണന്നൊളെ..."

എന്നും പറഞ്ഞ് എന്നെ പുറത്തേക്ക് കൊണ്ടുപോയി...

പിറ്റേന്ന് രാത്രി
ഭൂപടം പോലെ അങ്ങിങ്ങ് കീറിയ തഴപ്പായിൽ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴാണ് കണ്ണീരിനൊപ്പം ഉമ്മ ആ പൈസ ഒപ്പിക്കാൻ പെട്ട പാട് പറയുന്നത്...
ഒരുപാട് ആളുകളോട് ചോദിച്ചിട്ടാണ് ആ പത്ത് രൂപ വാങ്ങിയത്.....
ഇനിയുണ്ടാവില്ലെന്നു പറഞ്ഞ്
ഞാനും കൂടെ കരഞ്ഞു..

NB: അന്ന് എന്റെ നിലവിളി കേട്ട് മുറ്റത്തേക്ക് അടുത്ത് നിന്നുള്ള എല്ലാ വീട്ടിലെയും ആളുകൾ ഓടിവന്നു...
ഉമ്മയെ ചോദ്യം ചെയ്തു...
ചീത്ത പറഞ്ഞു..
ശപിച്ചു...

ഇന്ന്
അപ്പുറത്തെ വീട്ടിൽ ഒരു ശബ്ദം പൊന്തിയാൽ വാതിലടച്ച് മുറിക്കുള്ളിൽ ഒതുങ്ങിക്കൂടി ജനവാതിലിനുള്ളിലൂടെ ഒളിഞ്ഞു നോക്കി കാണുന്നു...
പിറ്റേന്ന്
അടച്ചു കെട്ടിയ മതിലിന്റെ ഇപ്പുറത്ത് നിന്ന്
"എന്തായിരുന്നു ഇന്നലെ വീട്ടിൽ ഒരു ബഹളം കേട്ടത്"
എന്ന് ആകാംക്ഷയുടെ സ്വരമുയർത്തുന്നു...

മതിലുകളില്ലാത്ത
മതമില്ലാത്ത
ജാതിയില്ലാത്ത
രാഷ്ട്രീയം നോക്കാതിരുന്ന
ആ നല്ല നാളുകളുടെ ഓർമകളിൽ നിന്ന്...

*നിയാസ്.പി.മുരളി*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ