2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

കിടിലോൽക്കിടിലം

*കിടിലോൽക്കിടിലം*

"ബോമ്പ്ണ്ടോ"?

പിന്നേ.. ബോമ്പ്ണ്ട്..
കത്തി, വടിവാള്, സൈക്കിൾ ചെയിൻ...
ഒക്കെണ്ട്...
അതൊക്കെ ഗ്രൗണ്ടിന്റെ മൂലേൽ കുയിച്ചിട്ടിരിക്കാ...
ന്ന്ട്ട് അടിണ്ടാവുമ്പോ ഒക്കെ ഇടുത്താ അടിക്കാ"

ബാബുന്റെ മുഖത്തെ ഭാവങ്ങളിൽ നോക്കി പേടിച്ചിരിക്കുന്ന എന്റെയും ബാവയുടെയും
കാലിന്റെ പെരുവിരലിലൂടെ ഒരു വിറ അരിച്ചു കേറി...

BEM LP സ്കൂള് നാലു വരെ മാത്രേ ഉള്ളൂ...
അത് കഴിഞ്ഞാൽ തൊട്ടപ്രത്തുള്ള ഹൈസ്കൂളിലേക്കാണ് പോക്ക്...

സ്കൂൾ രാഷ്ട്രീയം കത്തി നിൽക്കുന്ന അന്തകാലം...

LP സ്കൂളിൽ ക്ലാസ് തുടങ്ങി കുറച്ചു കഴിയുമ്പോഴേ മിക്കവാറും ദിവസം കേൾക്കാം ഇൻക്വിലാബുമായി റോഡിലൂടെ ജാഥ പോണത്...
അത് ദൂരന്ന് കേക്കുമ്പോഴേ ഞങ്ങള് ഓന്ത് വേലിമന്ന് തല പൊക്കണ പോലെ തല പൊന്തിച്ചു നോക്കും...

ചിലപ്പോ കാണാം അടിപൊട്ടീന്ന് പറഞ്ഞ് തലങ്ങും വിലങ്ങും LP സ്കൂളിന്റെ മതില് ചാടി റയിൽവേ സ്റ്റേഷനിലൂടെ ചാമ്പ്രയിലേക്ക്കുട്ടികൾ ഓടനത്...

ഞങ്ങൾ പിടുങ്ങ പിള്ളേർ എല്ലാം കണ്ട് അന്തംവിട്ട് നിക്കും...

നാലാം ക്ലാസ്സ് വിജയകരമായി ചാടിക്കടന്നു...

ഞ്ഞി അഞ്ചിലേക്കാണ്...
അതും bem ഹൈ സ്കൂളിലേക്ക്...

പീച്ചിമ്മതാത്തന്റെ ബാബു കഴിഞ്ഞ വർഷം അവിടേക്ക് പോയിട്ടുണ്ട്...
ഓൻ ആറിലേക്കാണ്..
ഞാൻ അഞ്ചിലേക്കും..
ഓന്റെ അനിയൻ ബാവ നാലിലേക്കും...

ഓന്റെ ബുക്കും യൂണിഫോമും എനിക്ക് തരും..
അടുത്ത കൊല്ലം ഞാനത് ബാവക്ക് കൊടുക്കും...
ഇങ്ങനെ ഒരു ചാക്രിക പ്രവർത്തനത്തിലാണ് സ്കൂൾ ജീവിതം കടന്ന് പോയിക്കൊണ്ടിരുന്നത്...
(എന്റെ കയ്യിന്ന് ബാവക്ക് കിട്ടുമ്പോഴേക്കും ചട്ടയും ആദ്യത്തെയും അവസാനത്തെയും പാഠങ്ങളും ഹുദാ ഗവാ...)..

ഓനും ഞാനും ഓന്റെ അനിയൻ ബാവയും കൂടി കുഞ്ഞാമി താത്തന്റെ പറമ്പിന്ന് നല്ല പഴുത്ത അയിനിച്ചക്ക പൊളിച്ചു തിന്നുമ്പളാണ് ബാബു ആളെ പേടിപ്പിക്കാൻ ആ ചോദ്യം ചോദിച്ചത്...

"ജ്ജ് അഞ്ചിലേക്കല്ലേ...
മോനെ പെട്ട്...

ന്നും പറഞ്ഞ് ഓൻ ഒരുമാതിരി രീതിയിൽ തല ആട്ടി...
ന്ന്ട്ട് ഓനങ്ങട്ട് തൊടങ്ങി...

പറഞ്ഞു മുഴുവനായപ്പോഴേക്കും BEM ഹൈ സ്കൂൾ ഒരു കൊള്ളസംഘം പോലെ,
അധോലോകം പോലെ എന്റെ മുന്നിൽ തെളിഞ്ഞു നിന്നു....
ഗ്രൗണ്ടില് മുഴുവൻ കത്തി, വടിവാൾ ഒക്കെ കുഴിച്ചിട്ടത്...
അടി പൊട്ടുന്നത്..
ഒരു പാർട്ടില് ചേർന്നാൽ മറ്റോരു തല്ലും...
ചേരാതിരുന്നാൽ രണ്ടാളും കൂടി തല്ലും....
എന്തായാലും തല്ല് ഉറപ്പായി....
ഇങ്ങനെ പൊടിപ്പും തൊങ്ങലും വെച്ച് ബാബു കത്തിച്ചു വിട്ടു...

അഞ്ചാം ക്ലാസ് റോഡിന്റെ അടുത്താണ്...
റോഡിലൂടെ പോണ വണ്ടികൾ മുഴുവൻ കാണാം...
ആറാം ക്ലാസ്സിലൂടെയാണ് അഞ്ചിലേക്ക് പോവുക....
നേരം വൈകിയാൽ രണ്ട് ക്ലാസ്സിൽ നിന്നും ടീച്ചേർമാരുടെ അനുവാദം കിട്ടണം...
ആദ്യമൊക്കെ എനിക്കത് ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നെ ടീച്ചേർമാർക്കും എനിക്കും അതൊരു ശീലമായി....
പിന്നെ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ കേറിപോവാൻ തുടങ്ങി...
നാലിലെ കൂട്ടുകാർ തന്നെയാണ് അഞ്ചിലും...
ബ്ലെസ്സന്റെ 'അമ്മ അന്ന് അവിടെ ടീച്ചറാണ്...
ഞാൻ ഓന്റെ അടുത്തിരുന്നു...
അടി വരുമ്പോ ടീച്ചറെ മോന്റെ സുഹൃത്താണെന്ന പരിഗണന കിട്ടിയാലോ എന്നതായിരുന്നു ആ സൈക്കോളജിക്കൽ മൂവമെന്റിന്റെ പിന്നിൽ...

പേടിച്ച പോലെ വല്ല്യ പ്രശ്നമില്ലാതെ ആദ്യ മാസം കടന്ന് പോയി...

സ്കൂൾ ഇലക്ഷൻ...!

അന്ന് അസ്സൈനാരാണ് sfi ലീഡർ...
ന്റെ സുഹൃത്തിന്റ കാക്കയാണ്...
സ്ഥാനാർഥികളെ തപ്പി എന്റെ ക്ലാസ്സിലും വന്നു...
ക്ലാസ്സ് മുഴുവൻ നോക്കി...
മുന്നിൽ തന്നെ വായും പൊളിച്ചിരുന്ന എന്റെ തോളിൽ തട്ടി,
"ആ ജ്ജ് ഈ ക്ളാസ്സിലെന്യോ?
ന്നാ പിന്നെ അന്റെ പേരെഴുതാ..."

കുട്ടിമാമ..
ഞാൻ ഞെട്ടിമാമാ...

തുറന്ന വായ പിന്നെ പൂട്ടിയില്ല....

നെയിംസ്‌ലിപ് തന്നു..
ടൈംടേബിൾ തന്നു...

ഒക്കെ ഞാൻ എന്റെ ബുക്കിലും ഫ്രണ്ടിന്റെ ബുക്കിലും ഒട്ടിച്ചു...

റിസൾട്ട് വന്നു...
ഞാൻ ഗംഭീരമായി തോറ്റു...

തോറ്റത് മാത്രമല്ല
റിസൾട്ട് അറിയാൻ പോയ എനിക്കിട്ട് നല്ല തല്ലും കിട്ടി...

കാലം മാറി...
സ്കൂൾ രാഷ്ട്രീയം നിരോധിച്ചു...
സ്കൂളുകൾ ആകെ മാറി...
ഗ്രേഡുകളുടെ ലോകത്തേക്ക് കുട്ടികൾ ഉന്തിവിടപ്പെട്ടു...
തോൽവികൾ ഇല്ലാതെയായി...
മത്സരബുദ്ധി കൂടി...

പണ്ട്
നോട്ടീസ് ബോര്ഡില് പതിച്ച റിസെൽട്ടിൽ പേര് നോക്കാൻ പെട്ട പാട്...
പേരുണ്ടെന്നറിയുമ്പോഴുള്ള ആശ്വാസം...
ഇല്ലെങ്കിലുള്ള നിരാശ....
ഒക്കെ നിറമുള്ള ഓർമകൾ....

ഇന്ന് മഴയുടെ
അഞ്ചാം ക്ലാസ്സിലെ ആദ്യ ദിനമാണ്...
പേടിയില്ലാതെ നിറഞ്ഞ ചിരിയോടെ അവൾ ക്ലാസ്സിലിരിക്കുന്നു....

മത്സരത്തിന്റെ ഈ ലോകത്ത് അവളോട് ഞാൻ ഒന്നേ പറഞ്ഞുള്ളൂ...
നീ ഡോക്ടറോ എഞ്ചിനീയറോ ഒന്നും ആവണ്ട...
അതിന് വേണ്ടി പഠിക്കുകയും വേണ്ട...
അറിവിന് വേണ്ടി പഠിക്കുക...
നിന്റെ വഴികളിലെ ബോണസ് പോയിന്റ് മാത്രമായി വിജയങ്ങളെ കാണുക....

നിന്റെ അറിവ് കൊണ്ട് വളരേണ്ടത് നിന്റെ മനുഷ്യത്വമാണ്...
അതിന് വേണ്ടി നീ പഠിക്കുക...

നീ നീയാകുവാൻ വേണ്ടി പഠിക്കുക...

മറ്റൊരാളെ ചൂണ്ടി അവരാകുവാൻ ഞാൻ ഒരിക്കലും നിന്നോട് പറയില്ല...

മറ്റൊരാളുടെ തോൽവിയിൽ സന്തോഷിക്കാത്ത മനസ്സുണ്ടാവാൻ പഠിക്കുക....
അവരെകൂടി ചേർത്ത് പിടിക്കാൻ കഴിയുന്ന മനസ്സുണ്ടാകുവാൻ
പഠിക്കുക....

നിനക്ക് നീയാകുവാനെ കഴിയൂ...
അത്കൊണ്ട് നീ നീയായി വളരൂ....

അവളെ ചേർത്ത് പിടിച്ചുകൊണ്ട്....

*നിയാസ്.പി.മുരളി* ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ