2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

എജ്‌ജാതി വിഷു

__*..എജ്‌ജാതി വിഷു..*_

ഞാൻ കൈ ചുരുട്ടി ഒറ്റയിടി...
അവന്റെ മൂക്കിന് തന്നെ...
വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയ പോലെ ചോര ഒലിച്ചിറങ്ങി...
ചോര കണ്ടതും അവന്റെ ബോധം പോയി...
അവന്റെ ബോധം പോയതും ചുറ്റും കൂടി നിന്ന് ഞങ്ങളെ അടി കൂടാൻ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച എല്ലാ കുട്ടികളുടെയും കിളി പോയി...
കിട്ടിയ കണ്ടം വഴി ഓര് ചിതറിയോടി...

ഒരു പഴയ വിഷുക്കാലം...
അക്കാലത്ത് ഒരു പുതിയ ഡ്രസ് കിട്ടുന്നത് ഓണത്തിനും വിഷുവിനുമാണ്...
അതന്നെ ഓണത്തിന് ട്രൗസറ് കിട്ടിയാ പിന്നെ വിഷുവിന് ഷർട്ട്...
രണ്ടും കൂടി ഒരുമിച്ചു വാങ്ങുക എന്നത് ഒരു സ്വപ്നം മാത്രമായ കാലം...

അന്ന് ഉമ്മാക്ക് ഒരു ക്യൂട്ടിക്യൂറ പൗഡറിന്റെ ഒഴിഞ്ഞ പാത്രണ്ടെനി...
കാവി കലർന്ന നിറമുള്ള, വെള്ളയിൽ പേരെഴുതിയ ഒരു ടിൻ..
അതില് കിട്ടിണ ചില്ലറ മുഴുമ്മൻ ഇട്ട് വെക്കും..
ന്ന്ട്ട് വിഷൂനും ഓണത്തിനും അത് തുറക്കും...
അത് പൊട്ടിക്കുമ്പോ പൂച്ച മീനിന്റെ മുന്നിലെ പോലെ ഞാൻ കാത്തിരിക്കും...
പ്രതീക്ഷയോടെ...

അതിന്റെ മോളില് ഒരു രൂപ കടന്ന് പോവുന്ന പോലെ നീളത്തിൽ ഒരു കീറലുണ്ടാക്കും...
അതിലൂടെയാണ് പൈസ ഇടുന്നതും എടുക്കുന്നതും...
കിട്ടാത്ത പൈസ ഒരു ഈർക്കിലി കൊണ്ട് ഇളക്കിയിളക്കി എടുക്കും...
പൗഡറിന്റെ മണമുള്ള ചില്ലറ നിലത്ത് ചെരിയുമ്പോ പൊടി പറക്കുമായിരുന്നു...

റെഡിമേഡ് നമ്മള് കേട്ടിട്ടുപോലുമില്ലാത്ത കാലമായത് കൊണ്ട് ഡിസൈന് വല്യ സ്കോപൊന്നുമില്ലാത്ത ആ തുണികൾ തൈക്കുന്നത് അയൽവാസിയായ അനിയേട്ടനാണ്...
അത് തൈക്കാൻ കൊടുക്കുമ്പോഴേ ഉമ്മ പറയും

"കൊറച്ച് വലുതാക്കി അടിച്ചോളി..
ചെക്കൻ വലുതാവല്ലേ"

അവസാനം കയ്യിൽ കിട്ടുമ്പോ അങ്കിൾ ബണ്ണിലെ മോഹൻലാലിന്റെ ഷർട്ട് പോലെ നീളം കൂടി, വണ്ണം വെച്ച ഒരു ഷർട്ട്...

എന്നാലും
രാവിലെ നേരം വെളുത്താൽ അനിയേട്ടന്റെ വീട്ടിലേക്ക് ഒറ്റയോട്ടാണ്...

ആ പുതുമണള്ള ഷർട്ടും മൂക്കിൽ ചേർത്ത് വെച്ചങ്ങനെ...

കുളിച്ച് മാറ്റി വേഗം നേരെ വടക്കീലേക്ക്....
ഇനിയത്തെ കളരി അവിടെയാണ്..
അവിടുന്ന് വിഷുക്കൈനീട്ടം കിട്ടണം..
ഐനാണ്...
എല്ലാരെ മുറിയിലും കേറിയിറങ്ങും..
എല്ലാരും ഓരോ ഉറുപ്പിക കയ്യില് വെച്ച് തരും...
പുഷ്പേച്ചി മാത്രം ഒരുമ്മയും...
അതും കീശയിലിട്ട് കിലുക്കി,
ഇടയ്ക്ക് എടുത്ത് എണ്ണി നോക്കി...
അങ്ങനെ നടക്കും...

തലേന്ന് പൊട്ടിച്ച പടക്കത്തിന്റെ ബാക്കി മുഴുവൻ ഞാനും ശശിയേട്ടനും മുറ്റത്തിരുന്ന് പൊട്ടിച്ച് തീർക്കും...
പിന്നെ ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ...

അന്ന് ഇപ്പരിപാടികളൊക്കെ കഴിഞ്ഞ് കുറ്റീലെ പറമ്പിലേക്ക് വെച്ചു പിടിച്ചു...
അവിടെയാണ് നല്ല ഉരുണ്ട, ഇളം മധുരമുള്ള, പരന്ന് കിടക്കുന്ന മാവ്...
അതിന്റെ താഴത്ത് എല്ലാരും വന്നിട്ടിണ്ടാവും...
പിന്നെ വൈകുന്നേരം വരെ അവിടെ കളിച്ചു നടക്കും...

ആയിടക്കാണ് അതിന്റെ അടുത്തുള്ള
ബാലേട്ടന്റെ ക്വാർട്ടെഴ്സിൽ പുതിയ താമസക്കാരെത്തിയത്...
ഓരെ മോൻ ദീപു ഞങ്ങളെ ചങ്ങായിയായി...
ഓനും ഞാനും കച്ചറയുടെ കാര്യത്തിൽ ആരാണ് മുന്നിലെന്ന് മത്സരിക്കുന്ന കാലം...
മുട്ടൻ അടിപിടിക്ക് കയ്യഴിച് കൂട്ടുകാര് പ്രോത്സാഹിപ്പിക്കിം ചെയ്യും...

മാവിന്റെ താഴത്തെ കൊമ്പിലിരുന്ന് മാങ്ങ കടിച്ചു കൊണ്ടിരിക്കുമ്പോഴാണ്;
താഴെനിന്ന് ഒരു വിളി...

"കുയിലാ.."

ആ പേര് എന്റെ തലയിൽ പതിഞ്ഞു തുടങ്ങണ കാലാണ്...
അത് കേക്കണത് തന്നെ പ്രാന്താവണ കാലം...

താഴെ വരമ്പിൽ
നാലഞ്ചെണ്ണം നിരന്നിരിക്കുന്നുണ്ട്..
ആരാണ് വിളിക്കണതെന്ന് ഒരു ഐഡിയ കിട്ടിണില്ല...
എല്ലാരും അമർത്തി ചിരിക്കുന്നൂണ്ട്..

"കുയിലാ"
വീണ്ടാമതും...

ഞാൻ ചാടി താഴെയിറങ്ങി...

"ആരാണ്ട ന്നെ അങ്ങനെ വിളിച്ചത്..."

"ഞാൻ തന്നെ... ന്തേ?"

പാതി കടിച്ച മാങ്ങ കയ്യിലിട്ട് തിരിച്ചു കൊണ്ട് ദീപു....

"ജ്ജ് ഞ്ഞി ന്നെ അങ്ങനെ വിളിച്ചാല് അന്റെ കണ്ണും മോറും ഒന്നാക്കും..."

"പിന്നെ ജ്ജ് ഒലക്ക്യക്കും കുയിലാ..."

ന്റെ കാലിലൂടെ പുളിയുറുമ്പ് പോലെ ദേഷ്യം ഇരച്ചു കയറി...
ഓടി ചെന്ന് വരമ്പിൽ നിന്ന് ഓനെ ഉന്തിയിട്ടു...

ഓൻ ചാടിയെണീറ്റ് കയ്യിലിരുന്ന പഴുത്ത മാങ്ങ എന്റെ നേരെ ഒറ്റയേറ്....

മാങ്ങ സ്ലോമോഷനിൽ എന്റെ നേർക്ക്....

ഒഴിഞ്ഞു മാറാൻ ഇടം കിട്ടുന്ന മുന്നേ എന്റെ ഇളം റോസ് നിറമുള്ള ഷർട്ടിൽ മഞ്ഞ നിറത്തിൽ ചളിങാ പിളിങാ മാങ്ങ വീണു...

എന്റെ ഷർട്ട്..
എന്റെ പുതിയ ഷർട്ട്....
അതിലൂടെ ആഫ്രിക്കയുടെ ഭൂപടം വരച്ചു കൊണ്ട് മാങ്ങനീര് ഒലിച്ചിറങ്ങുന്നു....

ചുറ്റുപാട് നിന്ന് കയ്യടികൾ...
അപ് അപ് വിളികൾ...
കുട്ടികൾ ഞങ്ങൾക്ക് ചുറ്റും വട്ടത്തിൽ കൂടി...
എന്തിനും തെയ്യാറായി ഞാൻ...
എതിരിടാൻ ഓനും...

എന്റെ ആദ്യത്തെ ഇടിക്ക് തന്നെ മൂക്കില് നിന്ന് ചോര വന്ന് ഓൻ ക്ലീൻ ബൗൾഡായി....
ആകാശത്തേക്ക് നോക്കി കണ്ണ് മിഴിച്ചു കിടക്കുന്ന അവന്റെ മൂക്കില് നിന്ന്
നെരോലാക് പെയിന്റ് പോലെ ചോര ഒലിച്ചിറങ്ങുന്നു....

ചങ്ങായിമാര് മൊത്തം പറമ്പ് ചാടിക്കടന്ന് ഓടി...
എന്റെ കാല് മണ്ണിനടിയില് പൂണ്ട് പോയ പോലെ...
ഓടാൻ പറ്റണില്ല...

നാല് ഭാഗത്ത് നിന്ന് ആൾക്കാര് ഓടിക്കൂടി...
ഓനെ എടുത്ത് ഹോസ്പിറ്റലിലേക്കോടി...

ന്റെ വിഷൂന്റെ കാര്യത്തിൽ ഒരു തീരുമാനമായത് കൊണ്ട് ഞാൻ ഒളിക്കാൻ വേണ്ടി വടക്കീലെ പത്തായപുരയിലേക്കോടി.

സംഭവം വീട്ടിലെത്തി...
ഉമ്മാക്ക് ബാധ കേറി....
വിഷുവിന് വീട്ടിൽ പടക്കം പൊട്ടിച്ചില എന്ന സങ്കടം ഉമ്മ എന്റെ ചന്തിയിൽ തീർത്തു....
മേശപ്പൂവും നിലചക്രവും ഓലപ്പടക്കവും എന്റെ ചന്തിയിൽ വരഞ്ഞിട്ട പോലെ തെളിഞ്ഞു നിന്നു....

പിന്നെയും വിഷു വന്നു...
പക്ഷെ അന്നത്തെ പോലത്തെ ഒരു വിഷു...
ഇനി എന്നാണാവോ അങ്ങനത്തെ ഒരു വിഷു....
അതാണ് വിഷു...

*നിയാസ്.പി.മുരളി* ....

റൈബാൻ കണ്ണട...

*"റയ്ബൻ കണ്ണട"*

"ടാ മാളെ.. അന്റെ കണ്ണട ഒന്ന് കാട്യ..ഇപ്പത്തരാ"
ആ വള്ളിക്കുന്നിലെ പെണ്ണ് ബസ്സ് ഇറങ്ങീക്കിണ്...."

ഡിസ്നിയുടെ വരാന്തയുടെ ഒരറ്റത്ത് വവ്വാല് തൂങ്ങിയ പോലെ കഴുക്കോലുമ്മേ തൂങ്ങി,
റോഡിന്റെ അപ്പുറത്ത് താനൂർ-തിരൂർ ബസ്റ്റോപ്പിൽ ഇറങ്ങിക്കേറുന്ന പെണ്കുട്ടികളുടെ എണ്ണമെടുത്ത് കൊണ്ടിരുന്ന കുഞ്ഞാണ്ടി പെട്ടന്നാണ് ഉള്ളിലേക്ക് വന്ന് ചോദിച്ചത്...

ചോദ്യവും കഴിഞ്ഞ്,
ഓന്റെ മുഖത്തൂന്ന് കണ്ണടയും വാരി,
മേശപ്പുറത്തിരുന്ന മാളയുടെ തന്നെ പാഷൻ പ്ലസ് ബൈക്കിന്റെ ചാവിയും എടുത്ത് കുഞ്ഞാണ്ടി ഒറ്റ ഓട്ടം.

"എടാ അനക്ക് ഓടിക്കാനറിയോ"?

ന്ന്ള്ള എന്റെ ചോദ്യത്തിന്

"അന്നക്കാട്ടിലും അറിയാ"

ന്നും പറഞ്ഞ് കോണി ചാടിയിറങ്ങി...
എല്ലാരും ബൈക്ക് പഠിച്ചു തുടങ്ങുന്ന കാലമാണ്...
ആ വണ്ടി തന്നെയാണ് ഡ്രൈവിംഗ് വണ്ടിയും...

കുഞ്ഞാണ്ടി കുറച്ചായി പിന്നാലെ നടക്കണ കുട്ടിയാണ് ബസ് ഇറങ്ങി പോവാണത്..
ഓളെ കാണിക്കാനാണി ധൃതി പിടിച്ച യാത്ര...

തേഞ്ഞില്ലാതെയായ,
കയർ കെട്ടി വെച്ച പഴയ കോണിയുടെ കറ കറ ശബ്ദം മാത്രം....

ഡിസ്നിയിൽ പുക പരത്തി രസിച്ചു കൊണ്ടിരുന്ന എല്ലാരും ഒരു നിമിഷം അന്തം വിട്ടു...

"ന്തേ പ്പം വിടണ്ടായെ"

ഇടുങ്ങിയ,
പെയിന്റ് പടർന്നൊഴുകിയ മതിൽ..
പൂർത്തിയായതും ആവാത്തതുമായ ചിത്രങ്ങൾ...
മതിലിൽ കുഞാണ്ടിയുടെ വല്യച്ഛൻ എന്ന് പറഞ്ഞ് ഞങ്ങൾ കളിയാക്കാറുള്ള അവൻ ചെയ്ത് വെച്ച ക്ലേ മോഡൽ...
പകുതി കാല് മുറിഞ്ഞ സ്റ്റൂൾ...
മൂലക്കൽ അടിച്ചു കൂട്ടിവെച്ച സിസർ കുറ്റികൾ...
അഴികൾ തുരുമ്പിച്ച ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന രജീഷ്...
വല്ലപ്പോഴും മാത്രം കടയിൽ കേറുന്ന, എപ്പോഴും
കഴുക്കോലുമ്മേ തൂങ്ങുന്ന കുഞ്ഞാണ്ടി...
ഇത്രയുമാണ് ഒരുപാട് കാലം ഞങ്ങളുടെ താവളമായിരുന്ന ഡിസ്നിയിലെ സ്ഥാവരജംഗമ വസ്തുക്കൾ...
ഒരു പഴയ ഓടിട്ട കെട്ടിടം..
താഴെ താരേട്ടന്റെ പൂക്കട...
പിന്നെ കഷണ്ടിക്കാക്കാന്റെ ഫോമുകൾ പൂരിപ്പിക്കാനുള്ള കട...

ബസ്റ്റോപ്പിന് നേരെ എതിർ വശത്തായത് കൊണ്ട് തന്നെ വൈകുന്നേരവും രാവിലെയും എല്ലാവരുടെയും നിറഞ്ഞ സാന്നിധ്യം...
ആ കഴുക്കോല് മാത്രം ഒരു കാലത്തും ചളി പിടിച്ച് ഞാൻ കണ്ടിട്ടില്ല....

അക്കാലത്താണ് ഇക്കഥ....

മാമൻ ഗൾഫിൽ നിന്ന് കൊടുത്തയച്ച റേബാൻ കണ്ണട വെച്ച്,
ഒരു കാല് പൊളിഞ്ഞ മേശമേൽ കേറ്റി വെച്ച് മാള കത്തിയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞാണ്ടിയുടെ ആക്രമണവും ഓടലും കഴിഞ്ഞത്...

കേറ്റിയ കാല് ഇറക്കി വെച്ച്
താടിക്ക് കയ്യും കൊടുത്ത്
"ന്റെ റയ്ബൻ കണ്ണട"
"ന്റെ വണ്ടി"ന്ന്
സങ്കടപ്പെട്ടിരുക്കുമ്പഴാണ് പിന്നെയും കോണിപ്പടിയുടെ കരകര ശബ്ദം...
ആരോ ഓടി മുകളിലേക്ക് കേറുന്നുണ്ട്...

റൂമിന് പുറത്ത് കുഞ്ഞാണ്ടി...

കൈകൾ അരക്ക് കുത്തി,
മുടിയാകെ പാറിപ്പറന്ന്...
ഫുൾ കൈ ഷർട്ടിലെ ഒരു കൈ കേറ്റി,...
പാന്റിന്റെ മുട്ടിന്റെ ഭാഗത്ത് ഒരു ഓട്ട...
അതിലൂടെ ഇൻക്വിലാബ് വിളിച്ച് പരന്നൊഴുകിയ ചോര....
നെറ്റിയിൽ പൂച്ച മാന്തിയ പോലെ വരഞ്ഞ പാട്....
മുഖത്ത് ഒരു വളിച്ച ചിരിയുമായി അവൻ...

മുഖത്ത് ഒരു ഭാഗത്ത്
നീല കളറുള്ള ചില്ല്...
മറുഭാഗത്ത് നിർവികാരമായ അവന്റെ കണ്ണ്...

"അന്റെ വണ്ടിക്ക് ബ്രേക്കില്ല ല്ലേ"?
അനക്കത് ഒന്ന് പറഞ്ഞൂടേഡോ?

കുഞ്ഞാണ്ടി മാളയുടെ നേരെ ചൂടായി...

ചില്ല് പോയ കണ്ണട നോക്കി അന്തംവിട്ടിരിക്കുന്ന മുഖത്ത് ഈ ചോദ്യം കൂടി കേട്ടപ്പോൾ വിരിഞ്ഞ ഭാവത്തിന് എന്ത് പേര് പറയണം....

"എന്തേ ണ്ടായി"?

ഞാൻ ചോദിച്ചു...

വളവ് തിരിഞ്ഞപ്പോ ബ്രേക് കിട്ടീല...
ഞാൻ മതിലിനിടിച് വീണ്...
വളരെ നിർവികാരതയോടെ
മറുപടി...

"അപ്പൊ ന്റെ വണ്ടി?"

മാള ചാടിയെണീറ്റു...

"ഇല്യ ഒന്നും പറ്റിടില്യ....
ഹെഡ്ലൈറ്റും വൈസറും ചെറുതായൊന്ന് പൊട്ടീക്കിണ്..."

കുഞ്ഞാണ്ടിന്റെ പറച്ചില് കേട്ടിട്ട് ചിരിക്കണോ അതോ കരയണോ എന്ന ദ്വയാർത്ഥ സന്ധിയിലായി ഞങ്ങളും....

ആ പെണ്ണ് വീണില്ലെങ്കിലും ഒരിക്കൽ വീണ ഓർമ വെച്ച്
പിന്നെ വണ്ടിയെടുത്ത് പെണ്ണിന്റെ പിറകെ പോണ പരിപാടി കുഞ്ഞാണ്ടി നിർത്തി....

Note:പിന്നെ ഞാൻ അത് കോഴിക്കോട് കൊണ്ടോയി ഒരു പഴയ കറുത്ത വൈസറ് വെച്ചു കൊടുത്തു...
നീല വണ്ടിയും കറുത്ത വൈസറുമായി ഒരുപാട് കാലം വണ്ടി പിന്നെയും ഓടി.....

*നിയാസ്.പി.മുരളി* ...