2019 മാർച്ച് 26, ചൊവ്വാഴ്ച

വെയിൽ ചിത്രങ്ങൾ...

*"വെയിൽ ചിത്രങ്ങൾ* "

"പ്ടെ"
എന്തോ പൊളിഞ്ഞു വീഴുന്ന ശബ്ദം..
തെക്കേ പറമ്പിൽ ആടിന് വെള്ളം കൊടുത്തുകൊണ്ടിരുന്ന ഉമ്മ എണീറ്റ് ഓടി...

മുള്ള് വേലിയുടെ അടുത്തുള്ള പേരമരത്തിൽ വവ്വാലിനെ പോലെ പറ്റിപിടിച്ച ഞാനും ചാടിയിറങ്ങി...

രണ്ട് ദിവസമായി നിർത്താതെ മഴ പെയ്യുക തന്നെയായിരുന്നു...
ഓടും പട്ടികയും എന്നേ പൊളിഞ്ഞു വീണ അടുക്കളയുടെ ചുമര് മഴയിൽ നന്നായി കുതിർന്നിരുന്നു...
അത് ഒന്നാകെ പൊളിഞ്ഞു വീണതാണ്...

ഉമ്മ താടിക്ക് കൈയും കൊടുത്ത് കുമ്പിട്ടിരിക്കുന്നു..
ഇനി ആകെ പൊളിയാൻ ബാക്കിയുള്ളത് രണ്ട് മുറിയും കോലായും ചാരുമുറിയും മാത്രം...
അതിലൂടെ തന്നെ സൂര്യനും ചന്ദ്രനും
രാതിയും പകലും ഒളിഞ്ഞു നോക്കാനായി ഓട് പൊട്ടിയ വലിയ തുളകൾ...

അപ്പോഴേക്കും ശബ്ദം കേട്ട് അയൽവാസികൾ എത്താൻ തുടങ്ങി...
അന്നങ്ങനെയായിരന്നല്ലോ?

ഭൂമിതർക്കത്തിന്റെ കേസ് കോടതിയിലായത് കൊണ്ട് വീടിന്റെ മേൽ ഒരു നിർമാണവും പാടില്ലെന്ന് കോടതി പറഞ്ഞ നാളുകൾ...

പഴയ നൂൽചാക്ക് കൊണ്ട് ഒരു വാതിലിന്റെ രൂപം ഉമ്മ ഉണ്ടാക്കി...
അതിനിടയിലൂടെ വീട്ടിൽ വളർത്തിയ ആടും പശുവും കോഴിയും പട്ടിയും പൂച്ചയും സ്വയ്ര്യ  വിഹാരം നടത്തി...

ഒരു അരിവാളിന്റെ സുരക്ഷിതത്വത്തിൽ കിടന്നുറങ്ങിയ നാളുകൾ..
ചെറിയ ഒച്ച കേട്ടാൽ മതി; ഉമ്മ എണീക്കും..
കൂടെ ഞാനും..
ശരീരമുറങ്ങി; മനസ്സുറങ്ങാതെ കിടന്ന നാളുകൾ...
അതു കൊണ്ടാവാം ഇപ്പോഴും ഒരു ചെറിയ ഒച്ച പോലും എന്റെ ഉറക്കം കെടുത്തുന്നത്...

ഒരു ചെറിയ വീടായിരുന്നു അത്..
ഓട് മേഞ്ഞ,
സിമന്റ് അടർന്ന് വീണ,
പട്ടികയും കഴുക്കോലും ചിതലരിച്ച് പൊട്ടിപ്പോയ ഒരു ചെറിയ വീട്..
പൊട്ടിയ ഓടുകൾക്കിടയിൽ തിരുകിയ എക്‌സ്‌റേ ഫിലിമുകൾ താഴെ വരയ്ക്കുന്ന വെയിൽ ചിത്രങ്ങളാണ് ഞാൻ ആദ്യം കണ്ട സിനിമ..

പൊട്ടിയ ഓടുകൾക്കിടയിലൂടെ താഴെ വെച്ച പാത്രത്തിൽ മഴവെള്ളം വീഴുന്നതിന് ഒരു ശബ്ദമുണ്ടായിരുന്നു..
ഒരു താളവും..
അതായിരിക്കണം ഞാൻ കേട്ട താരാട്ട് പാട്ട്...
മഴ നനയാതെ ഏതെങ്കിലും മൂലയിൽ കൂനിയിരുന്ന് ഉറങ്ങിയ നാളുകൾ...

കേസ് കോടതിയിൽ നീളും തോറും വീടിന്റെ വലുപ്പവും കുറഞ്ഞു വന്നു...
അടുക്കള പൊളിഞ്ഞു..
ഇടനാഴി പൊളിഞ്ഞു...
ചാരുമുറി പൊളിഞ്ഞു...

ആർക്കും എപ്പോഴും കേറിവരാവുന്ന,
വീടെന്ന സുരക്ഷിതത്വം നഷ്ടപ്പെട്ട നാളുകൾ...

ഒടുവിൽ കോടതി വിധി വന്നു..
വീടിരിക്കുന്ന ഭാഗം ഞങ്ങൾക്ക്....
ആയിടക്കാണ് പഞ്ചായത്തു വഴി ഗവർമെന്റ് രണ്ട് ലക്ഷം കൊടുക്കുന്നുണ്ടെന്നു കേട്ടത്...

ഉമ്മ പഞ്ചായത്തിലേക്ക് ഓടി..
പിന്നാലെ ബോബനും മോളിയിലെ പട്ടിയെ പോലെ ഞാനും..

അപേക്ഷ പാസായി..
പിന്നെ ഓട്ടം തന്നെയായിരുന്നു....
തിന്നാൻ പോലും വകയില്ലാത്ത ഞങ്ങൾ ഒരു വീടിന് വേണ്ട പണമുണ്ടാക്കാൻ...
പണി തീരുന്ന മുറയ്‌ക്കെ ഗവർമെന്റ് പണം തരൂ...

പലരോടും ചോദിച്ചു..
പലരും തന്നു..
സിമന്റ് ആയും മണലായും കമ്പിയായും...
പുച്ഛമായും...

പലരോടും കടപ്പാടുണ്ട്..
പണം നോക്കാതെ കോണ്ക്രീറ്റ് ചെയ്ത് തന്ന ബാവുട്ടിയേട്ടൻ...
വയറിങ് ചെയ്ത വിനീഷ്, ബാബു...
സിമന്റും കമ്പിയും കടം തന്ന കോനാരി സ്റ്റീൽസ്...
പണം കടം തന്ന സുഹൃത്ത് സുജിതയുടെ അച്ഛൻ...
രാവും പകലും എന്റെ കൂടെ നിന്ന അനിയൻ സമീർ, മുനീർ...
പിന്നെയും എണ്ണിയാലറിയാത്ത ആളുകൾ ....

എനിക്കൊപ്പം
ഞങ്ങൾക്കൊപ്പം വീടും വളർന്നു..
പണ്ട് ചിലവ് കുറക്കാൻ ഓടിട്ടു വാർത്തത് പിന്നെ ലീക്ക് വന്നു.....
മഴ പെയ്താൽ ചുമരുകൾക്കിടയിലൂടെ വെള്ളം പുതഞ്ഞു വരാൻ തുടങ്ങി..

ഒരു ഭാഗത്ത് തീരുമ്പോൾ അടുത്ത ഭാഗത്ത്...
അങ്ങനെ ഏച്ചു കെട്ടലുകൾ ഒരുപാട് നടന്നു..
സർവെയർ ആയപ്പോ
ഓഫീസ് വീട്ടിലാക്കി...
വീടെന്ന പഴയ സ്വപ്നത്തിൽ നിന്ന് ഒരാവശ്യം എന്ന നിലയിലേക്ക് വളർന്നു...

പത്ത് വർഷങ്ങൾ...
ഒരുപാട് സ്വപ്നങ്ങൾ....
ഇപ്പോൾ വീട് അതിന്റെ പൂര്ണതയിലാണ്...
പണ്ടുണ്ടായിരുന്നതിനെക്കാൾ ഒരുപാട് മാറ്റങ്ങളോടെ...

എങ്കിലും
ആ പഴയ വീട്ടിൽ
ഉമ്മയെ കെട്ടിപ്പിടിച് കിടന്ന്...
കഥകൾ കേട്ട് ...
അതിന്റെ അത്ര സുഖമോ മനസ്സമാധാനമോ ഞാനിപ്പോൾ അനുഭവിക്കുന്നില്ലെന്നതാണ് സത്യം...

അന്ന് അസാമാന്യ ധൈര്യത്തോടെ ജീവിതത്തിന്റെ തിരിച്ചടികളെ നേരിട്ട ഒരു പെണ്ണ് എന്റെ കൂടെയുണ്ടായിരുന്നു..
എന്നും എപ്പോഴും എന്റെ
റോൾ മോഡലായ എന്റെ
ഉമ്മ....

ഓർമ്മകളായ
ഓടുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയിലിനെ പിടിക്കാൻ ശ്രമിച്ചു കൊണ്ട്.....

*നിയാസ്.പി.മുരളി* ..

2019 ഫെബ്രുവരി 24, ഞായറാഴ്‌ച

"മെൻസസ്...."

__*"മെൻസസ്"*__

"എന്താ ഉപ്പച്ചീ ഈ മെൻസസ്"?

യൂണിവേഴ്സിറ്റി കയറ്റം കയറുമ്പോഴാണ് മഴ സീറ്റിന് നടുവിലേക്കിരുന്ന് ആ ചോദ്യം എടുത്തിവിട്ടത്...
മിക്കവാറും കാറിൽ പോകുമ്പോഴായിരിക്കും ഇങ്ങനത്തെ ഓരോ സംശയങ്ങളുടെ കെട്ട് അവൾ പൊട്ടിക്കുന്നത്...

മുൻസീറ്റിലിരുന്ന സാറ ഞാനെന്ത് പറയും എന്ന ഭാവത്തോടെ എന്നെ നോക്കി..

ഞാൻ ദൂരേക്കും...

അങ്ങു ദൂരെ വര്ഷങ്ങൾക്കപ്പുറം
പൊളിഞ്ഞു വീഴാറായ മച്ചും നോക്കി
കട്ടിലിൽ കിടക്കുകയായിരുന്ന പത്ത് വയസ്സുകാരൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലെ ഒരു വാക്കിൽ തട്ടി മനസ്സിലാവാതെ ഇതേ ചോദ്യം അപ്പുറത്ത് കിടക്കുകയായിരുന്ന ഉമ്മയോട് ചോദിക്കുന്നു...

ഉമ്മ എന്റെ നേരെ തിരിഞ്ഞു കിടന്നു..
എന്നിട്ട് ചോദിച്ചു...

"നീയെവിടുന്നാ വന്നത്..?"

ഉമ്മാന്റെ വയറ്റിന്ന്"
ഞാൻ മറുപടി പറഞ്ഞു...

"ആണല്ലോ?
അപ്പൊ വെറുതെ ഒരു കുട്ടിക്ക് വയറ്റിൽ കിടക്കാൻ പറ്റോ?
ഉമ്മച്ചി കിടക്കുമ്പോഴോ നടക്കുമ്പോഴോ ഒക്കെ കുട്ടിക്ക് ഒന്നും പറ്റാതിരിക്കാൻ വയറിന്റെ ഉള്ളിൽ ചെല സൂത്രപ്പണികളിണ്ട്...
കൊറച്ച് വെള്ളം നിറച്ച്, കുട്ടിക്ക് തിന്നാൻ കൊടുക്കാനിള്ള സൗകര്യക്കെ പ്രകൃതി ഇണ്ടാക്കീക്ക്ണ്...
ഓരോ മാസത്തിലും വയറിൽ കുട്ടിയൊന്നും വളർന്നിലാന്ന് ണ്ടെങ്കിൽ ആ വെള്ളോക്കെ മൂത്രമൊഴിക്കണ പോലെ പുറത്ത് പോകും...
അത് എല്ലാ ഇരുപത്തെട്ടു ദിവസം കൂടുമ്പഴും ഇണ്ടാകും..
അതാണ് മെൻസസ്"

"അപ്പൊ എന്താ എല്ലാ മാസവും കുട്ടിണ്ടാവാത്തത്"?

ഞാൻ ഉമ്മാക്ക് നേരെ അടുത്ത കുനിഷ്ട് ചോദ്യമെറിഞ്ഞു...

"ഞമ്മള് ചട്ടീല് ചെടി വളർത്തുമ്പോ വെള്ളമൊഴിച്ചാലും വളട്ടാലും എല്ലാ ചെടിം വലുതാവാറിണ്ടാ?
ഇല്യല്ലോ?
അത്പോലെ തന്നെ ചില കുട്ടികളേ വയറ്റിന്റെ ഉള്ളിലും വളരൂ....
പിന്നെ ആ കുട്ടീനെ പുറത്തെടുക്കും വരെ മെൻസസ് ഉണ്ടാവൂല്ല...?

"അപ്പൊ എല്ലാർക്കും ഇണ്ടാവോ"?
ഞാൻ ഉമ്മാനെ ക്ലീൻ ബൗൾഡ് ആക്കാൻ നോക്കി...

"അനക്ക് മീശണ്ടോ?"

"ഇല്ലാ"

"അത് പോലെ ഓരോ കാലം കഴിയുമ്പോഴും നമ്മളെ ശരീരം ഓരോ മാറ്റങ്ങൾക്ക് കാരണമാകും..
ആണുങ്ങൾക്ക് മീശയും താടിയും വന്ന് വലിയ ആളാകും...
പെണ്കുട്ടികള്ക്ക് കുട്ടിക്ക് പാല് കൊടുക്കാനും ഒരു കുട്ടീനെ വയറ്റില് പോറ്റാനും ഉള്ള കഴിവെത്തുമ്പോഴാണ് മെൻസസ് തുടങ്ങണത്...
അതിന്യാണ് പ്രായപൂർത്തിയായിന്ന് പറയാ...
മനസ്സിലായോ"?

ഉമ്മ പറഞ്ഞു നിർത്തി...

പുതിയ ചോദ്യങ്ങളൊന്നും കയ്യിലില്ലാത്തത് കൊണ്ട് ഞാൻ ബുക്കിലേക്കും വായനയിലേക്കും മടങ്ങി....

ഇപ്പൊ ആ പത്ത് വയസ്സുകാരൻ ഡ്രൈവിംഗ് സീറ്റിലാണ്...
പിറകിൽ കാലം അവന്റെ ചോദ്യങ്ങൾ മകളിലൂടെ ഒരിക്കൽ കൂടി ആവർത്തിക്കുന്നു..
ഉമ്മ പറഞ്ഞ ഉത്തരങ്ങൾ ഞാൻ അതുപോലെ പറഞ്ഞു കൊടുത്തു...

അവൾക്കും പുതിയ സംശയങ്ങൾ ഉണ്ടാവാത്തത് കൊണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിച്ചു...

കുട്ടികൾ
ശ്രദ്ധാലുക്കളാണ്..
അവർ നമ്മെക്കാളേറെ ചുറ്റുപാടുകളെ ശ്രദ്ധിക്കുന്നു..
നൂറു സംശയങ്ങൾ മനസ്സിൽ പടർത്തി വിടുന്നു..
നമ്മളറിയാതെ നമ്മുടെ സംസാരങ്ങൾ അവർ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു..
അവരുടെ ചോദ്യത്തിന്റെ ആദ്യ കേൾവിക്കാർ മാതാപിതാക്കളാവണം...
എന്തും ചോദിക്കാനുള്ള ധൈര്യം അവർക്ക് പകർന്ന് കൊടുക്കണം...

ഇല്ലെങ്കിൽ
ആ ചോദ്യങ്ങൾ അവരിൽ ചോദ്യങ്ങളായി തന്നെ അവശേഷിക്കും...

പലപ്പോഴും
ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്;
ഇത്തരം ഒരു ചോദ്യം വരുമ്പോൾ മാതാപിതാക്കളുടെ സമീപനമാണ്...

"അനക്ക് ചോദിക്കാൻ കണ്ട ഒരു ചോദ്യം..
ഇതൊക്കെ ചോദിക്കാൻ പറ്റിയ പ്രായാ ഇത്..?
അതൊക്കെ അതിന്റെ സമയാവുമ്പോ പഠിച്ചോളും.."

അത് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നത് ഇതിൽ എന്തോ കാര്യമായിട്ടുണ്ട് എന്ന ബോധത്തിലാണ്...
ആ ചോദ്യത്തിനുത്തരം കിട്ടുന്നത് വരെ അവർ സംശയാലുക്കളും കുറുക്കു വഴികളിലൂടെ
ഉത്തരം അന്വേഷിച്ചു കണ്ടെത്താനുള്ള ശ്രമത്തിലുമാവും...
അത് എത്തിപ്പെടുന്നത് മുതലെടുപ്പുകാരുടെ കൈകളിലേക്കും...

ലൈംഗിക/ശാരീരികമായ കാര്യങ്ങളിൽ കുട്ടികൾക്കുണ്ടാവുന്ന സംശയങ്ങൾ ചില നുറുങ്ങ് ഉത്തരങ്ങളായി പറഞ്ഞു കൊടുത്തില്ലെങ്കിൽ
പലപ്പോഴും ഏതാണ് ശരിയായ സ്പർശനം?
ഏതാണ് ശരിയല്ലാത്ത സ്പർശനം എന്ന തിരിച്ചറിവ് കുട്ടികൾക്ക് ഇല്ലാതെ പോവും..
അത് പിന്നീട് മാനസികവും ശാരീരികവുമായ ചൂഷണങ്ങളിലേക്കും
പരാജയങ്ങളിലേക്കും അവരെ നയിക്കും...

നമ്മുടെ മക്കളുടെ ആദ്യ കേൾവിക്കാർ നമ്മളാവുക..
അവർക്ക് ആദ്യ വിശ്വാസവും പ്രതീക്ഷയും നമ്മളാണ്..
അത് തെറ്റാതിരിക്കട്ടെ....

ആ ചോദ്യം മകളിലൂടെ എന്നിലേക്കെത്തിച്ച കാലത്തിനോട്...
അതിന് മറുപടികളില്ലാത്ത വണ്ണം ഉത്തരം പറഞ്ഞു തന്ന ഉമ്മയോട് നന്ദി പറഞ്ഞു കൊണ്ട്....

നിയാസ്.പി.മുരളി