2010 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

നിനക്കു മാത്രം...

നിന്നോട് ഞാൻ ആവശ്യപ്പെട്ടത്,
ഒരു വസന്തത്തിന്റെ തെളിമയായിരുന്നു...
പക്ഷെ,
നീ തന്നത് ഒരു പ്രഭാതത്തിന്റെ നൈർമല്യമായിരുന്നു.
നിന്റെ കണ്ണുകളിൽ പൂത്തുവിടർന്നത്-
പ്രണയത്തിന്റെ മഞ്ഞുതുള്ളികളായിരുന്നില്ല-
എന്നു നീ പറയരുത്!
എനിക്കതസഹനീയമാണ്!
കണ്ണിലാകെയും നീയാണ്.
പുലർകാലഗീതമായ് അതെന്നെ ഉണർത്തുന്നു...
ഒരു രാപ്പാടിയായ് താരാട്ടു പാടി ഉറക്കുന്നു...
ആദ്യമായ് കണ്ട നിറമുള്ള സ്വപ്നമാണു നീ
വസന്തത്തിൻ ചിറകേറി പൂക്കൾ വിടരുന്നതും
പുതുനിലാവിനെ, ചിത്രങ്ങളെ കിളികൾ-
പാടിയുണർത്തുന്നതും
വസന്തത്തിലെന്റെ തളിർത്ത
പ്രണയമരത്തിൽ വിരുന്നെത്തിയ
മഞ്ഞുതുള്ളിയായിരുന്നു നീയെന്ന്
എനിക്കു പറയാം..
നിനക്കതിഷ്ടമല്ലെങ്കിലും!
നീ വെറുക്കുന്നുവെങ്കിലും!...



നിയാസ്.പി.മുരളി

2010 ജൂൺ 13, ഞായറാഴ്‌ച

നിനക്ക്......

പ്രിയേ...
ഞാൻ നിന്നെ ഒരേ സമയം
ശബ്ദവേഗം കൊണ്ട് 
പ്രണയിക്കുകയും
പ്രകാശവേഗം കൊണ്ട്
മറക്കുകയും ചെയ്യുന്നു...
മഴയായ്,മഞ്ഞായ്,വേനലായ്
തുക്കളിൽ നീയെന്നെ പുണരുന്നതും
ഒടുവിൽ വിയർപ്പുതുള്ളികളിൽ കണ്ണീർ പടർത്തി
അകന്നുപോകുന്നതും
അകക്കണ്ണുകൊണ്ടറിയുന്നു...
നീ പറത്തിവിട്ടസ്വപ്നങ്ങൾക്ക്-
ആകാശത്തേക്കാൾ വ്യാപ്തിയുണ്ടെന്നറിഞ്ഞത്-
നീയെന്നടുത്തില്ലാതിരുന്നപ്പോഴാണ്.
മനസ്സിന്റെ ഭിത്തിയിൽ നീയെന്ന ചിത്രം-
മങ്ങാതെ, മായാതെ നിൽ‌പ്പൂ....
നീയൊരു പുഴയെങ്കിൽ;
ഒരു കുമ്പിൾ ജലമെനിക്കു വേണം..
ഭൂമിയെങ്കിൽ; ഒരുപിടി മണ്ണ്.
ആകാശമെങ്കിൽ;കൺനിറയെ കാഴ്ച...
ഏതിലാണ്,എന്തിലാണ്-
നീയെന്നെ ഒടുക്കം-
ലയിപ്പിക്കുന്നതെന്നറിയില്ലല്ലോ?
എന്തിലായാലും;
അതിൽ നിന്റെ പ്രണയത്തിന്റെ
ചൂടും ചൂരുമുണ്ടായിരിക്കണം...
കാരണം;
ഞാൻ നിന്നെ പ്രണയിക്കുന്നു......

                                                                                   നിയാസ്.പി.മുരളി